SPORTS

‘വാഗ്ദാനം പാലിച്ചില്ല’; ഇടങ്കോലിട്ടത് മുതിർന്ന താരം?: രാജിവയ്ക്കാൻ ഒരുങ്ങി ഗംഭീറിന്റെ വിശ്വസ്തൻ; ഇന്ത്യൻ ടീമിൽ അതൃപ്തി പുകയുന്നു


മുംബൈ ∙ ട്വന്റി20 ലോകകപ്പ് കിരീടത്തിന്റെ തിളക്കം മായും മുൻപേ അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരെ പരമ്പര തോൽക്കേണ്ടി വന്ന ഞെട്ടലിലാണ് ഇന്ത്യൻ ടീം. ട്വന്റി20 ക്യാപ്റ്റനായി ശ്രേയസ്സ് അയ്യർ ചുമതലയേറ്റതിനു ശേഷം നടന്ന ആദ്യ രണ്ടു പരമ്പരകളിലും സമ്പൂർണ തോൽവി ഏറ്റുവാങ്ങാനായിരുന്നു ഇന്ത്യൻ ടീമിന്റെ വിധി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ചെങ്കിലും ഇനിയുള്ള മത്സരങ്ങളിലും ജയിച്ചെങ്കിൽ മാത്രമേ പരമ്പര ഉറപ്പിക്കാനാകൂ. ഇതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ് ഭാഗത്തുനിന്നും അത്ര ശുഭകരമായ വാർത്തയല്ല പുറത്തുവരുന്നത്. ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ദൊഷാട്ടെ പദവി ഒഴിഞ്ഞേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതോടെ ടീമിൽ കോച്ചിങ് പ്രതിസന്ധി രൂപപ്പെട്ടേക്കാം.പിടിഐ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി ടെൻ ദൊഷാട്ടെ ചുമതലയേൽക്കുമ്പോൾ, അദ്ദേഹത്തിന് ടീമിന്റെ ഫീൽഡിങ് കോച്ച് സ്ഥാനം കൂടി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മുൻ കോച്ച് രാഹുൽ ദ്രാവിഡിന് കീഴിൽ ഫീൽഡിങ് കോച്ചായി എത്തിയ ടി. ദിലീപ്, ഗംഭീർ കോച്ചായി ചുമതലയേറ്റ ശേഷവും ആ പദവിയിൽ തുടരുകയായിരുന്നു. ടീമിലെത്തി രണ്ട‌ു വർഷം കഴിഞ്ഞിട്ടും തനിക്ക് നൽകിയ വാഗ്ദാനം പാലിക്കപ്പെടാത്തതിൽ ടെൻ ദൊഷാട്ടെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മാറ്റാൻ തീരുമാനിച്ചിരുന്ന ദിലീപിനെ വീണ്ടും ഫീൽഡിങ് കോച്ചായി നിലനിർത്താൻ തീരുമാനിച്ചതോടെയാണ് രാജിവയ്ക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന.


Auto ⏭️

Back to top button