NEWS

എൻസിപി അജിത് പക്ഷത്ത് കലഹം രൂക്ഷം; പാർഥിനോട് പ്രിയമില്ലാതെ മുതിർന്ന നേതാക്കൾ


മുംബൈ∙ എൻസിപി അജിത് വിഭാഗത്തിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുന്നു. അജിത് പവാറിന്റെ ഭാര്യയും പാർട്ടി ദേശീയ അധ്യക്ഷയുമായ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറും രാജ്യസഭാംഗമായ മകൻ പാർഥ് പവാറും അവരിലേക്ക് അധികാരം കേന്ദ്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളാണു ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ ഉൾപ്പെടെയുള്ളവരെ അസ്വസ്ഥരാക്കുന്നത്.അജിത്തിന്റെ മരണത്തിനു പിന്നാലെ സുനേത്രയെ ദേശീയ അധ്യക്ഷയായി തിരഞ്ഞെടുത്തത് അസാധുവാക്കുക, പ്രഫുൽ പട്ടേൽ അടക്കമുള്ള മുതിർന്ന നേതാക്കളുടെ പേര് ഒഴിവാക്കി പാർട്ടിയുടെ ഭാരവാഹി പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിച്ച നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സുനേത്ര പവാറിനു ദേശീയ സെക്രട്ടറി സച്ചിദാനന്ദ സിങ് വക്കീൽ നോട്ടിസ് അയച്ചതോടെയാണു ഭിന്നത പരസ്യമായത്. നടപടിക്രമങ്ങൾ പാലിക്കാതെയും പാർട്ടിയുടെ ഭരണഘടനയ്ക്കു വിരുദ്ധമായുമാണ് രണ്ടും ചെയ്തതെന്നാണ് ആരോപണം.രാഷ്ട്രീയത്തിൽ കാര്യമായ അനുഭവ പരിചയമില്ലാത്ത പാർഥ് പവാർ പാർട്ടിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കാൻ നോക്കുന്നതും സുനേത്ര പവാർ അതിനെ എതിർക്കാത്തതുമാണ് ആഭ്യന്തര പ്രശ്നങ്ങൾക്കു കാരണം. പവാർ കുടുംബത്തിനാകണം പാർട്ടിയുടെ നിയന്ത്രണമെന്നതാണു പാർഥിന്റെ നിലപാട്. അണികളും ജനങ്ങളുമായും നേരിട്ടു ബന്ധമില്ലാത്ത പാർഥിനെപ്പോലുള്ളവരുടെ നിലപാട് അപകടം ചെയ്യുമെന്നു മറുപക്ഷം ചൂണ്ടിക്കാട്ടുന്നു.


Fashion ⏭️

Back to top button