NEWS
നദീമുഖങ്ങളിൽ ഡാം പോലെ മൺതിട്ടകൾ, വെള്ളമൊഴുകിയിറങ്ങാൻ താമസം: വേമ്പനാട്ടുകായൽ വെള്ളം ഉൾക്കൊള്ളാനാകാത്ത നിലയിലേക്ക്

കുമരകം ∙ വെള്ളപ്പൊക്കത്തിൽ മുങ്ങാതെ ഒരു നാടിനെ രക്ഷിക്കേണ്ട വേമ്പനാട്ടു കായൽ വെള്ളം ഉൾക്കൊള്ളാനാകാത്ത നിലയിലേക്ക് നീങ്ങുന്നു. കായലിന്റെ ജലം ഉൾക്കൊള്ളാനുള്ള ശേഷി 2617. 5 മില്യൻ ക്യുബിക് മീറ്ററിൽ നിന്ന് 387.87 മില്യൻ ക്യുബിക് മീറ്ററായി കുറഞ്ഞതായാണ് 2023ൽ പുറത്തുവന്ന കണക്ക്. സാധാരണ എക്കലിനൊപ്പം ടൺകണക്കിനു മാലിന്യമാണ് വേമ്പനാട്ടു കായലിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം കിഴക്കൻ മേഖലയിലെ പാലങ്ങളിൽ തങ്ങിനിന്ന മാലിന്യം മാത്രം ടൺകണക്കിനുണ്ട്. ഇതിന് ഇരട്ടിയാണ് താഴേക്ക് ഒഴുകിയത്. പുറമേ ആറിന്റെ താഴ്ഭാഗങ്ങളിൽനിന്നു കൂടുതൽ മാലിന്യം ഒഴുകിനീങ്ങുന്നു. ഒഴുകി എത്തുന്ന ടൺകണക്കിനു പ്ലാസ്റ്റിക് മാലിന്യം എക്കലിൽ പൂണ്ടും അല്ലാതെയും കിടക്കുകയാണ്. പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം മത്സ്യസമ്പത്തിനും ഭീഷണിയാണ്. മത്സ്യക്കുഞ്ഞുങ്ങൾ തീറ്റ തേടി പോകുന്നതിനിടെ പ്ലാസ്റ്റിക് കൂടുകളിൽ അകപ്പെട്ടു ചാകുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.കിഴക്കൻ മേഖലയിൽ മഴ പെയ്തു വെള്ളം കൂടുതലായി ഒഴുകിയെത്തുമ്പോൾ കൂടുതൽ ജലം കരയിലേക്ക് കയറിയാണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷമാക്കുന്നത്. മീനച്ചിലാർ കായലിൽ വന്ന പതിക്കുന്നിനൊപ്പം പഴക്കാനിലം, വെട്ടിക്കാട്, മുത്തേരിമട, നാലുപങ്ക്, മുത്തന്റെനട, കൊഞ്ചുമട, നസ്രത്ത്, ബോട്ട് ജെട്ടി, വാച്ചാപറമ്പ്, ചൂളക്കലുങ്ക്, കവണാർ, പെണ്ണാർ, കൈപ്പുഴമുട്ട് തുടങ്ങി വലതും ചെറുതുമായ തോടുകൾ കായലിൽ വന്നു പതിക്കുന്നു. ഈ ഭാഗത്ത് എല്ലാം എക്കൽ അടിഞ്ഞു ആഴം കുറഞ്ഞിരിക്കുന്നു.
Fashion ⏭️


