NEWS

അപകടം സമ്മാനിച്ച യാതന അക്ഷരപുണ്യമാക്കി ഉഷ ടീച്ചർ

തൊടുപുഴ: സെൻസസ് ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കടന്നുപോകേണ്ടിവന്ന പ്രതിസന്ധിയുടേയും വേദനയുടെയും നിമിഷങ്ങൾ അക്ഷരക്കൂട്ടാക്കിയ അദ്ധ്യാപിക സി.എസ് ഉഷാകുമാരിക്ക് നാളെ ധന്യനിമിഷം. ട്രോമയിൽ നിന്ന് സ്വയം കരകയറണമെന്ന തിരിച്ചറവിൽ

ആശുപത്രിക്കിടക്കയിൽ വേദന കടിച്ചമർത്തി കുത്തിക്കുറിച്ചതെല്ലാം അദ്ധ്യാപക ദിനമായ നാളെ പുസ്തകരൂപത്തിൽ പ്രകാശനം ചെയ്യുകയാണ്. ‘മുറിവുകൾ വരച്ച ആകാശം” എന്ന അനുഭവക്കുറിപ്പാണ് വായനപ്രിയരിലേക്ക് എത്തുന്നത്.പൂമാല ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൽ.പി. വിഭാഗം അദ്ധ്യാപികയാണ്.

ഇടതുകാലിന്റെ ലിഗമെന്റ് മുറിഞ്ഞതിനൊപ്പം ഇടുപ്പെല്ലിനും പൊട്ടലേറ്റ അവസ്ഥയിലായിരുന്നു പുസ്തക രചന.

ഒരു പോള കണ്ണടയ്ക്കാനാകാതെ വേദനകൾ മാത്രം കൂട്ടായിരുന്ന ദിനങ്ങളിലാണ് എഴുതി തുടങ്ങിയത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴുണ്ടായ അഭിനന്ദന പ്രവാഹമാണ് പുസ്തകമാക്കാൻ പ്രേരണയായത്. ജില്ലാകളക്ടർ ഡോ. ദിനേശൻ ചെറുവാട്ടാണ് പ്രകാശനം ചെയ്യുന്നത്. കെട്ടിട നിർമ്മാതാവായ പെരുമ്പിള്ളിച്ചിറ പത്താഴപ്പാറയിൽ വേട്ടർകുന്നേൽ വി.കെ. സന്തോഷാണ് ഭർത്താവ്. നഴ്സിംഗ് വിദ്യാർത്ഥികളായ ഹരികൃഷ്ണ,​ ഹരിനന്ദ എന്നിവരാണ് മക്കൾ.

ജൂലായ് 24 നടുക്കുന്ന ഓർമ്മ

സെൻസസ് പ്രവർത്തനങ്ങളുടെ അവസാന ഘട്ടമായ ജൂലായ് 24നായിരുന്നു അപകടം. സ്‌കൂട്ടർ റോഡരികിൽ ഒതുക്കിയപ്പോൾ മണ്ണിൽ താഴ്ന്ന സ്റ്റാൻഡ് വഴുതിപ്പോയി. മലർന്നുവീണ ഉഷാകുമാരിയുടെ ദേഹത്തേക്ക് സ്‌കൂട്ടറും പതിച്ചു. ഒരു ബൈക്ക് യാത്രികനാണ് രക്ഷകനായത്. വേദന കടിച്ചമർത്തി സ്വയം വണ്ടിയോടിച്ചാണ് ആശുപത്രിയിലെത്തിയത്.

നന്മവഴിയിൽ

കൃഷിവകുപ്പിലെ താത്കാലിക ജോലിക്കിടയിൽ 2017ലാണ് ഏറെ മോഹിച്ച അദ്ധ്യാപകജോലി ലഭിച്ചത്. ഗോത്രവർഗപഞ്ചായത്തായ ഇടമലക്കുടി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത് പീരുമേട്ടിലെ തോട്ടംമേഖലയിലുള്ള ചോറ്റുപാറ ഗവ. എൽ.പി സ്കൂളാണ്. 27 കുട്ടികളുണ്ടായിരുന്ന സ്കൂളിനെ 68 കുട്ടികളുടെ സ്കൂളാക്കി വളർത്തിയ ശേഷമാണ് പൂമാലയിലേക്ക് എത്തിയത്.

നൈപുണ്യ വികസനം, കലാപരിശീലനം, ക്രിയേറ്റീവ് ഡിസൈനിംഗ്, സാഹിത്യം, സ്‌ക്രീൻ പ്രിന്റിംഗ്, ക്രിയേറ്റീവ് പ്രിന്റിംഗ് ടെക്നിക്കുകൾ എന്നിവയും പ്രവർത്തന മേഖലകളാണ്.

ആദിവാസി മേഖലയിലെ ഡ്രോപ്പ്ഔട്ട് പെൺകുട്ടികളുടെ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് 2025ൽ വയനാട് ജില്ലാ കളക്ടർ അവാർഡ് ഓഫ് അപ്രിസിയേഷൻ നൽകിയിരുന്നു. നിർദ്ധനയായ കുട്ടിക്ക് ചില സുമനസുകളുടെ സഹായത്തോടെ നിർമ്മിച്ചു നൽകിയ വീട് കഴിഞ്ഞ ഉത്രാടത്തിനാണ് കൈമാറിയത്.

Read News ⏭️

Back to top button