NEWS
ഡൽഹിയെ മുക്കി മിന്നൽപ്രളയം; ജൂലൈ മഴയിൽ ഞെട്ടി നഗരം, ജനജീവിതം സ്തംഭിച്ചു

ന്യൂഡൽഹി ∙ ദിവസങ്ങൾ നീണ്ട കനത്ത ചൂടിൽ ആശ്വാസമായി എത്തിയ മഴ പിന്നെയങ്ങോട്ടു ഡൽഹിയിലും ദേശീയ തലസ്ഥാനമേഖലയിലും വിതച്ചതു കനത്ത നാശം. ഇന്നലെ പെയ്ത കനത്ത മഴയിൽ ഡൽഹിയുടെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി. സഫ്ദർജങ് സ്റ്റേഷനിൽ 24 മണിക്കൂറിനിടെ 72.6 മില്ലിമീറ്റർ മഴയാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജൂലൈ മഴയാണിത്. അതോടെ നഗരത്തിലെ പകൽ താപനിലയിൽ 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ കുറവ് രേഖപ്പെടുത്തി.സാധാരണ ജൂലൈയിൽ ലഭിക്കുന്ന മഴയുടെ 70 ശതമാനവും വെറും 24 മണിക്കൂറിലാണു പെയ്തത്. ആദ്യ 6 ദിവസങ്ങളിൽ വെറും 5.4 മില്ലിമീറ്റർ മഴ മാത്രം ലഭിച്ച സ്ഥാനത്ത്, ഇന്നലെ ഒറ്റയടിക്കു കനത്ത മഴ പെയ്യുകയായിരുന്നു. ഇത്രയും വലിയ അളവിലെത്തുന്ന വെള്ളം ഒഴുകിപ്പോകാൻ സംസ്ഥാനത്തെ അഴുക്കുചാലുകൾക്കു ശേഷിയില്ലാത്തതാണു നഗരത്തിൽ മിന്നൽപ്രളയമുണ്ടാകാൻ കാരണമായതെന്നു വിദഗ്ധർ പറയുന്നു.തുടർച്ചയായ മഴയിൽ ഡൽഹി-എൻസിആറിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഓഫിസുകളിലേക്കു പോകുന്നവരും മറ്റു യാത്രക്കാരും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി. മെഹ്റോളി-ബദർപൂർ റോഡ് പൂർണമായും അടച്ചു. അക്ഷർധാം (എൻഎച്ച് 24), ഡൽഹി- നോയിഡ എക്സ്പ്രസ് വേ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്കുണ്ടായി. വികാസ് മാർഗ്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ, മുനീർക്ക, സദർ ബസാർ, ദ്വാരക എന്നിവിടങ്ങളിലും വെള്ളം കയറി. അതേസമയം മിന്റോ ബ്രിജ് അണ്ടർപാസ്, എൻഎച്ച് 9, റോഹ്തക് റോഡ് തുടങ്ങിയ ചില പ്രധാന കേന്ദ്രങ്ങളിൽ വെള്ളക്കെട്ടുണ്ടായില്ലെന്നതു യാത്രക്കാർക്ക് ആശ്വാസമായി.
Source link


