NEWS

ശ്രീരാമഭക്തി പ്രധാന യോഗ്യത; രാമക്ഷേത്ര ട്രസ്റ്റിന് സിഇഒയെ കണ്ടെത്താൻ 10 മാനദണ്ഡങ്ങൾ


ലക്നൗ ∙ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെ (സിഇഒ) കണ്ടെത്താനുള്ള നിർണായക നീക്കങ്ങൾ ആരംഭിച്ച് സെർച്ച് കമ്മിറ്റി. തസ്തികയിലേക്ക് പരിഗണിക്കുന്ന വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട യോഗ്യത ശ്രീരാമനോടുള്ള ഭക്തിയും ആദരവും ആയിരിക്കുമെന്ന് സമിതി അംഗമായ സുരേഷ് ഹവരെ വ്യക്തമാക്കി. അടുത്തിടെ ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെത്തുടർന്ന് ട്രസ്റ്റിന്റെ പ്രവർത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സിഇഒയെ കണ്ടെത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചത്. ആണവോർജ വകുപ്പിൽ നിന്ന് വിരമിച്ച ആണവ ശാസ്ത്രജ്ഞനും, ഷിർദ്ദി സായിബാബ സൻസ്ഥാൻ ട്രസ്റ്റ് മുൻ മേധാവിയുമാണ് സുരേഷ് ഹവരെ. അയോധ്യയിലെ ചുമതല തിരുപ്പതിയേക്കാളും ഷിർദ്ദിയേക്കാളും, രാജ്യത്തെ വൻകിട കോർപ്പറേറ്റ് കമ്പനികളേക്കാളും വലിയ മാനേജ്‌മെന്റ് വെല്ലുവിളിയാണെന്ന് സുരേഷ് ഹവരെ പറഞ്ഞു. പൊതുജനങ്ങളുടെ വിശ്വാസമാണ് ഇവിടെ പ്രധാനം. ഒരിക്കൽ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചെടുക്കാൻ വർഷങ്ങളെടുക്കും. അതിനാൽ അയോധ്യയിൽ തികച്ചും സുതാര്യമായ ഒരു ഭരണസംവിധാനം ആവശ്യമാണ്. അതിന് അനുയോജ്യനായ വ്യക്തിയെ കണ്ടെത്തുകയാണ് ആദ്യപടി. റിട്ട. ജസ്റ്റിസ് പ്രദീപ് കോലി, റിട്ട. ലഫ്റ്റനന്റ് ജനറൽ വിഷ്ണു കാന്ത് ചതുർവേദി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.


Source link

Back to top button