NEWS

‘ഇതിനെ ലിഫ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുത്താനാകില്ല’; ഗൃഹനാഥൻ മരിച്ചത് കഴുത്ത് ഞെരിഞ്ഞെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്


കടമ്മനിട്ട (പത്തനംതിട്ട) ∙ റോഡ് നിരപ്പിൽ നിന്ന് ഉയരത്തിലുള്ള വീട്ടുമുറ്റത്തേക്കു സജ്ജമാക്കിയിരുന്ന ലിഫ്റ്റിൽ കുടുങ്ങിയ കല്ലേലിമുക്കിൽ അടയ്ക്ക മാവുങ്കൽ മാത്തുക്കുട്ടി (ജോയിക്കുട്ടി– 75) കഴുത്തു ഞെരിഞ്ഞാണു മരിച്ചതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നിർമാണ മേഖലയിൽ സാധനങ്ങൾ ഉയർത്താൻ ഉപയോഗിക്കുന്ന ലിഫ്റ്റുകൾക്കു സമാനമായി ചട്ടക്കൂട് മാത്രമുള്ള ലിഫ്റ്റാണു മാത്തുക്കുട്ടിയുടെ വീട്ടുമുറ്റത്തു നിന്ന് നാലു മീറ്ററോളം താഴെയുള്ള റോഡ് നിരപ്പിലെ കാർ പാർക്കിങ്ങിലേക്കു സജ്ജമാക്കിയിരുന്നത്. ഇതിൽ യാത്ര ചെയ്യുന്നതിനിടെ ഇരുമ്പ് കമ്പികൾക്കിടയിൽ തല കുടുങ്ങി കഴുത്തു ഞെരിഞ്ഞതാണ് മരണകാരണമെന്നാണു നിഗമനം.ആറന്മുള പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തിട്ടുണ്ട്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടപ്പോൾ ലിഫ്റ്റ് നിലയ്ക്കുകയും മാത്തുക്കുട്ടി തല പുറത്തേക്ക് ഇടുന്നതിനിടെ ലിഫ്റ്റ് വീണ്ടും ഉയരുകയും ചെയ്തതാണ് അപകടമായത് എന്നാണു നിഗമനം. ഇതോടെ രണ്ടു കമ്പികൾക്കിടയിൽ പെട്ടു കഴുത്ത് ഞെരിഞ്ഞു. 20 മിനിറ്റോളം കഴിഞ്ഞ് പത്തനംതിട്ടയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി കമ്പി മുറിച്ചാണു പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു.


Source link

Back to top button