NEWS
പാലാ ‘കൈവിട്ടു’, എൽഡിഎഫ് അവിശ്വാസം പാസായി; ദിയ ബിനു പുറത്ത്

പാലാ ∙ പാലായിൽ നഗരസഭാധ്യക്ഷ ദിയ ബിനുവിന് എതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. എതിരില്ലാത്ത 17 വോട്ടിനാണ് പ്രമേയം പാസായത്. എൽഡിഎഫിലെ 12 പേർക്കു പുറമെ കോൺഗ്രസിലെ 4 അംഗങ്ങളും ഉപാധ്യക്ഷ മായാ രാഹുലും പ്രമേയത്തെ പിന്തുണച്ചു. രാവിലെ 11നാണ് കൗൺസിൽ യോഗം ചേർന്നത്.ചർച്ചയിൽനിന്നു വിട്ടുനിൽക്കണമെന്നാണു യുഡിഎഫ് അറിയിച്ചിരുന്നതെങ്കിലും വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് കൗൺസിലർമാർ യോഗത്തിനെത്തി. ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് എത്തിയത്. കോൺഗ്രസ് വിമതയായി ജയിച്ച ഉപാധ്യക്ഷ മായാ രാഹുലും കൗൺസിലിന് എത്തി. ഇതോടെ അവിശ്വാസ പ്രമേയം പാസാകുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. 26 അംഗ കൗൺസിലിൽ 14 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്. 12 പേരാണ് എൽഡിഎഫിലുള്ളത്. റിയ ചീരാംകുഴി,സെബാസ്റ്റ്യൻ പനക്കൽ എന്നീ കോൺഗ്രസ് കൗൺസിലർമാർ ഹാജരായില്ല. കേരള കോൺഗ്രസിന്റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും മാണി.സി. കാപ്പന്റെ പാർട്ടിയായ കെഡിപിയിലെ പ്രിൻസി സണ്ണിയും യോഗത്തിൽ ഹാജരായില്ല.
Fashion ⏭️


