NEWS
ആഭരണങ്ങൾ കൈക്കലാക്കി തട്ടിപ്പ്: ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു

വിഴിഞ്ഞം ∙ 70 പവനോളം സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകിയില്ലെന്നു കുറിപ്പെഴുതി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതികളിൽ രണ്ടാമത്തെയാളും മരിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യയാണ് മരിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. മറ്റൊരു ജീവനക്കാരി വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു ശനിയാഴ്ച മരിച്ചു. യുവതികൾ മരിച്ച സംഭവത്തിൽ വെങ്ങാനൂർ പനങ്ങോട് ശ്യാമളാലയത്തിൽ സിന്ധുകുമാരി (53) മച്ചേലിലെ ബന്ധുവീട്ടിൽനിന്ന് അറസ്റ്റിലായി. സിന്ധുകുമാരിക്ക് എതിരെ ഇതുവരെ 10 പരാതികൾ ലഭിച്ചതായി എസ്എച്ച്ഒ അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു. സിന്ധുവിന്റെ വീട്ടിൽനിന്ന് വ്യാജ വിസിറ്റിങ് കാർഡുകളും ബിൽ ബുക്കും ഉൾപ്പെടെ പൊലീസ് കണ്ടെടുത്തു. അഞ്ജു 20 പവനും ഐശ്വര്യ 50 പവനും പ്രതിക്കു നൽകിയിട്ടുണ്ട്. കൈക്കലാക്കിയ സ്വർണം കോവളത്തെ മറ്റൊരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിനു കൈമാറി വിൽപന നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വിഴിഞ്ഞം എസ്എച്ച്ഒ വി.ഡി.റെജിരാജ്, എസ്ഐ: കൃഷ്ണലാൽ, സിപിഒ റെജിൻ, സിപിഒ ഷീലു എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Source link


