NEWS

രണ്ടുപേരെ കൊന്നുതിന്ന കടുവ എവിടെ? തിരച്ചിൽ തുടരുന്നു, പ്രതിസന്ധിയായി കാലാവസ്ഥ


ഗൂഡല്ലൂർ∙ ഓവാലി പഞ്ചായത്തിലെ ലോറസ്റ്റനിൽ രണ്ടുപേരെ കൊന്നുതിന്ന കടുവയെ പിടികൂടുന്നതിനായി നടത്തുന്ന തിരച്ചിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രതിസന്ധിയിലായി. രാവിലെ മുതൽ ഈ പ്രദേശത്ത് കനത്ത മഴ പെയ്തതോടെ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ നിർത്തിവച്ചു. മഴ മാറിയതും കോട മഞ്ഞിറങ്ങിയതോടെ തിരച്ചിൽ ദുഷ്കരമായി തുടങ്ങി.ലോറസ്റ്റൻ, ബാരം സമീപത്തുള്ള തേയില തോട്ടങ്ങളിലായി 11 കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ ക്യാമറകളും സ്ഥാപിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. ബാരത്തിന് താഴെ വശത്തുള്ള ധർമഗിരി ഭാഗത്ത് കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഈ ഭാഗത്തും വനം വകുപ്പ് ജീവനക്കാർ വൈകുന്നേരത്തോടെ തിരച്ചിൽ നടത്തി.കടുവ ഇറങ്ങാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന നിർദേശം വനംവകുപ്പ് നൽകുന്നുണ്ട്. ഗ്രാമങ്ങളിൽ വനംവകുപ്പ് മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണവും നടത്തി. രണ്ട് ടീം മയക്കുവെടി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. നീലഗിരിയുടെ മറ്റ് വനം ഡിവിഷനുകളിൽ നിന്നു കടുവയെ കുരുക്കാനുള്ള കൂടുകൾ ഈ ഭാഗത്തേക്ക് എത്തിക്കാനുള്ള നടപടികൾ തുടങ്ങി. കടുവ സാന്നിധ്യമുള്ള എല്ലാ പ്രദേശങ്ങളിലും കൂട് സ്ഥാപിക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്. ലാറസ്റ്റനിലും സമീപത്തുള്ള തോട്ടങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. തിരച്ചിലിൽ കടുവയെ കണ്ടാൽ മയക്കു വെടിവയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. കടുവയെ ഉടൻ വെടിവച്ച് പിടികൂടണമെന്നും മറ്റൊരു അപകടം ഇനി ഇവിടെ ആവർത്തിക്കരുതെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


Fashion ⏭️

Back to top button