പ്രവാചക സ്മരണയിൽ വിശ്വാസികൾ; നബിദിനത്തിൽ സംസ്ഥാനമെമ്പാടും ആഘോഷപരിപാടികൾ

തൃശൂർ കൂർക്കഞ്ചേരി മുസ്ലീം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച നബിദിന റാലി, ചിത്രം: റാഫി എം ദേവസി
തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ഇന്ന് ആഘോഷിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിനത്തോടനുബന്ധിച്ച് വൈവിദ്ധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മദ്രസകളുടെയും മഹല്ലുകളുടെയും പ്രാദേശിക കമ്മിറ്റികളുടെയും നേതൃത്വത്തിൽ പുലർച്ചെ നാല് മണി മുതൽ പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയർത്തി റാലികളും ഘോഷയാത്രകളും സംഘടിപ്പിച്ചു.
കുട്ടികളുടെ കലാപരിപാടികൾ, നബി സന്ദേശ പ്രഭാഷണങ്ങൾ തുടങ്ങിയവയും ആഘോഷത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിജ്റ വർഷം മൂന്നാം മാസമായ റബീഉൽ അവ്വൽ 12ന് പ്രഭാതത്തിലായിരുന്നു മുഹമ്മദ് നബിയുടെ ജനനം. നബിദിനത്തോടനുബന്ധിച്ച് പള്ളികളിൽ ഭക്ഷണ വിതരണവും നടത്തി. ദഫ് മുട്ടടക്കമുള്ള വിവിധ പരിപാടികളോടെയാണ് നാടെങ്ങും വർണാഭമായ ഘോഷയാത്ര നടക്കുന്നത്. നബിദിന റാലികളിൽ മധുരം വിതരണം ചെയ്തും പരസ്പരം സ്നേഹം പങ്കിട്ടുമാണ് വിശ്വാസികൾ ഒത്തുകൂടിയത്. ഓണാവധിക്കിടെ നബിദിനം കൂടി എത്തിയതോടെ ഇക്കുറി ആഘോഷപ്പകിട്ട് കൂടുതലാണ്.
വൈകുന്നേരവും വിവിധ സ്ഥലങ്ങളിൽ ഘോഷയാത്രകളും പ്രത്യേക യോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്. റബീഉൽ അവ്വൽ മാസം അവസാനിക്കുന്നതുവരെ കേരളത്തിൽ വിവിധ മുസ്ലീം സംഘടനകളുടെ മിലാദ് പരിപാടികൾ തുടരും.
English Summary
Muslims worldwide are celebrating Prophet Muhammad’s birthday today, with vibrant Nabidinam programs across Kerala. Rallies, processions, children’s cultural performances, religious speeches, food distribution and traditional daf performances are being organized by madrassas, mosques and local committees. During the celebrations, devotees share sweets and messages of love and peace. Milad programs will continue across Kerala throughout the month of Rabi al-Awwal.
RELATED TOPICS: NABIDINAM, PROPHET MUHAMMAD BIRTHDAY, MILAD UN NABI, KERALA NABIDINAM CELEBRATIONS, EID MILAD UN NABI
Read News ⏭️


