NEWS
ജയിലിൽ 50 ദിവസത്തിലേറെ ആയെന്ന് പ്രതിഭാഗം; ഇ.ഡി. സംഘത്തെ ആക്രമിച്ച പ്രതികൾക്ക് ജാമ്യം നിഷേധിച്ചു

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം മടങ്ങിയ ഇ.ഡി. സംഘത്തെ ആക്രമിച്ച കേസിൽ ഏഴു പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ശ്രീജിത്ത്, ദിനീത്, അമൽ, ഷൈജു സലിം, അനിൽകുമാർ, നിഷാദ്, ദിനകർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. 50 ദിവസത്തിലേറെയായി പ്രതികൾ ജയിലിലാണെന്നും വധശ്രമം ചുമത്തിയെങ്കിലും തെളിവു ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അന്വേഷണം തുടരുകയാണെന്നും പ്രതികൾ സഹകരിച്ചാൽ വേഗത്തിൽ പൂർത്തിയാകുമെന്നും ഈ സമയത്ത് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സ്‌പെഷൽ പ്രോസിക്യൂട്ടർ എ.സന്തോഷ് കുമാർ വാദിച്ചു. ജാമ്യം നൽകുന്നതിനെ ഇ.ഡിയുടെ അഭിഭാഷകനും എതിർത്തു. ഔദ്യോഗിക കൃത്യനിർവഹണത്തിന് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ഗുരതരമായ വിഷയമായി പരിഗണിക്കണമെന്ന് ഇ.ഡിയുടെ അഭിഭാഷകൻ അറിയിച്ചു. ഇതിന് മുൻപ് ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത് ബംഗാളിലാണെന്നും അവിടെ ഉന്നത രാഷ്ട്രീയ നേതാവ് ഇപ്പോഴും ജയിലിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു.
Fashion ⏭️


