അവധി ദിവസം നോക്കി കസ്റ്റഡിയിലെടുത്തു, ടി ജി മോഹൻദാസിന്റെ അറസ്റ്റ് വിവേചനപരമെന്ന് ബി ജെ പി

ടിജി മോഹൻദാസിനെ കസ്റ്റഡിയിലെടുത്തപ്പോൾ
തിരുവനന്തപുരം: ടി.ജി മോഹൻദാസിന്റെ അറസ്റ്റ് വിവേചനപരമെന്ന ആരോപണണവുമായി ബി.ജെ. പി. അവധി ദിവസം നോക്കി ടി.ജി മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് തികച്ചും അപലപനീയമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് പ്രസ്താവനയിൽ പറഞ്ഞു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകളിൽ നിന്നും തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നാടകം.
കേരളത്തിലെ മതമൗലിക വാദികളുടെ കൈയടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്. ടി.ജി മോഹൻദാസ് നടത്തിയ പരാമർശങ്ങൾ സ്വാഗതാർഹമല്ല, എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവെച്ചു കൊല്ലുമെന്നടക്കം ഭീഷണി മുഴക്കിയ നിരവധി പേരാണ് കേരളത്തിൽ യു.ഡി.എഫ് സർക്കാരിന്റെ സംരക്ഷണയിൽ നിയമനടപടികളിൽ നിന്ന് രക്ഷനേടി കഴിയുന്നത്. ഇത്തരക്കാർക്കെതിരെ നിരവധി പരാതികൾ പൊലീസിൽ നൽകിയിട്ടും പ്രധാനമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞവരെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. .
ഫിഷറീസ് വകുപ്പ് പിടിച്ചുവാങ്ങി ഭരിക്കുന്ന മുസ്ലിംലീഗ്, മുതലപ്പൊഴിയിലും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായപ്പോൾ നടപടികൾ എടുക്കാത്ത ഗൗരവകരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്. ബിജെപി ഭരിക്കുന്ന പഞ്ചായത്ത് ആയതിനാൽ മണ്ണിടിച്ചിലിലും പ്രളയത്തിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പോലും കാണാതെ മടങ്ങുന്ന ലീഗ് മന്ത്രിമാർ കേരള സമൂഹത്തിന് നൽകുന്ന സന്ദേശം ഭീതിജനകമാണ്. മതവർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മുസ്ലിംലീഗ് മന്ത്രിമാരും ലീഗ് നേതൃത്വവും വന്ദേമാതര വിഷയത്തിലും വി.ഡി സവർക്കർ വിഷയത്തിലും പ്രസ്താവനകൾ നടത്തി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും അഡ്വ. എസ് സുരേഷ് കുറ്റപ്പെടുത്തി.

