NEWS
ക്ഷേത്രത്തിലെ ആനകളെ ദൈവതുല്യരായി കാണണം; ആരോഗ്യ പരിശോധന നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ∙ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും ആദരിക്കുകയും വേണമെന്ന് സുപ്രീം കോടതി. ആനകളുടെ എഴുന്നള്ളിപ്പ് ക്ഷേത്ര വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണെന്നു കേരളത്തിലെ ക്ഷേത്ര ഭരണസമിതികൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം. മതപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഈ ഹർജിയിൽ പരിഗണിക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി.കേരളത്തിലെ നാട്ടാനകൾക്കു തിരിച്ചറിയൽ ടാഗുകൾ നൽകിയിട്ടുണ്ടെന്നും അവയുടെ സഞ്ചാരം നിരീക്ഷിക്കുന്നുണ്ടെന്നും ക്ഷേത്ര ഭരണസമിതികൾക്കായി ഹാജരായ അഭിഭാഷകൻ കെ. പരമേശ്വർ അറിയിച്ചു.അതേസമയം, പുതുതായി ആനകളെ തടവിലാക്കി നാട്ടിലേക്കു കൊണ്ടുവരുന്നതു പൂർണമായി നിരോധിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിച്ചില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആനക്കുട്ടികളെ കണ്ടെത്തുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ആവശ്യം ഉന്നയിച്ചത്. രാജ്യത്താകെ നിലവിൽ 2,725 നാട്ടാനകളുണ്ടെന്നാണു കാപ്റ്റീവ് എലിഫന്റ് ഹെൽത്ത്കെയർ ആൻഡ് വെൽഫെയർ കമ്മിറ്റി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2018–ൽ ഇത് 2675 ആയിരുന്നു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ് ഏറ്റവും കൂടുതലുള്ളത്–1,678.
Fashion ⏭️


