NEWS

‘പണം പിടിച്ചെടുക്കുന്നതിന് കാരണം വ്യക്തമാക്കണം’: തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥരുടെ ഇടപെടലുകൾക്ക് മാർഗരേഖ


ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കാലത്ത് ഒരാൾ പണം കരുതിയിരുവെന്നതു കൊണ്ടുമാത്രം അയാളെ തിരഞ്ഞെടുപ്പു കേസിൽ കുടുക്കാനാകില്ലെന്നു വ്യക്തമാക്കി തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതിയുടെ മാർഗരേഖ. പിടിച്ചെടുത്ത പണവും ആസ്തിയും ആരോപിക്കപ്പെടുന്ന കുറ്റകൃത്യവുമായി പ്രഥമദൃഷ്ട്യാ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയിരിക്കണമെന്നാണു നിർദേശം.വോട്ടർമാരെ സ്വാധീനിക്കുന്നതടക്കം സ്ഥാനാർഥികൾക്കെതിരായ കേസുകൾ ഏകപക്ഷീയമായി റദ്ദാക്കുന്നതും കോടതി വിലക്കി. ഭരണം മാറുന്നതനുസരിച്ച് ഇത്തരം കേസുകൾ റദ്ദാക്കുന്നതു തടയാനാണു നിർദേശം. ഇങ്ങനെ റദ്ദാക്കാൻ ഹൈക്കോടതിയുടെ അനുമതി നിർബന്ധമാണെന്നും ജഡ്ജിമാരായ സഞ്ജയ് കാരോൾ, എൻ.കെ. സിങ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പുകളിലെ അനധികൃത പണമിടപാടുകൾ സുതാര്യമായ തിരഞ്ഞെടുപ്പുകൾക്ക് ഭീഷണിയാണെന്നും സ്ഥാനാർഥികൾക്കിടയിലെ തുല്യത ഇല്ലാതാക്കുമെന്നും കോടതി നിരീക്ഷിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ ഉദ്ദേശിച്ചെന്ന സംശയത്തിൽ പണവും ആസ്തിയും പിടിച്ചെടുക്കുന്ന കേസുകളിലെ അന്വേഷണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കിയിരിക്കണമെന്നും നിർദേശിച്ചു. സ്ഥാനാർഥി വഴിവിട്ട മാർഗം സ്വീകരിച്ചോ എന്നറിയാൻ വോട്ടർമാർക്ക് അവകാശമുണ്ട്. അതുപോലെ, തെറ്റു ചെയ്യാത്ത സ്ഥാനാർഥികൾക്ക് നിരപരാധിത്വം തെളിയിക്കാനും അവകാശമുണ്ടെന്നു കോടതി നിരീക്ഷിച്ചു. കേസ് റജിസ്റ്റർ ചെയ്ത് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ അതിനുള്ള കാരണം രേഖപ്പെടുത്തുകയും തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കുകയും വേണം. തിരഞ്ഞെടുപ്പു കമ്മിഷന്റെ ഇടപെടലുകളും പ്രവർത്തനവും നിയമപരമായിരിക്കണമെന്നും കോടതി വ്യക്തമാക്കി. നിർദേശങ്ങൾ പാലിച്ചുള്ള തൽസ്ഥിതി റിപ്പോർട്ട് തിരഞ്ഞെടുപ്പു കമ്മിഷനും സംസ്ഥാന സർക്കാരുകളും നവംബർ 18നു മുൻപു നൽകണം.∙ പണമോ മറ്റ് ആസ്തികളോ പിടിച്ചെടുത്താൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിവരം 24 മണിക്കൂറിനുള്ളിൽ കലക്ടറെയോ ബന്ധപ്പെട്ട കോടതിയെയോ അറിയിക്കണം.


Fashion ⏭️

Back to top button