NEWS
‘അരിയുടെ അളവ് കുറച്ച് വില കൂട്ടിയത് കേരളത്തിൽ ആദ്യം; ഉത്രാടത്തിന് വന്നാൽ കിറ്റില്ലെന്ന് പറയാൻ പറ്റുമോ?’

കോട്ടയം∙ ഓണക്കാലത്ത് പൊതുവിപണിയിലെ ഇടപടെലിൽ യുഡിഎഫ് സർക്കാർ വളരെ പിന്നിലായി പോയെന്ന് മുൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കഴിഞ്ഞ വർഷത്തെയും ഇത്തവണത്തെയും സപ്ലൈകോ കണക്കുകൾ തമ്മിൽ വലിയ അന്തരമുണ്ട്. ഒരു കടയിൽ ഒരാൾ ഉത്രാടത്തിനു കിറ്റ് വാങ്ങാൻ വന്നാൽ കൊടുക്കില്ലെന്നു പറയാൻ പറ്റില്ല. അതാണ് കഴിഞ്ഞ വർഷം ഉത്രാട ദിനത്തിലും ഓണക്കിറ്റ് വിതരണം പൂർത്തിയാക്കിയില്ല എന്നു പറയുന്നത്. പ്രതിപക്ഷ ഉപനേതാവ് സംബന്ധിച്ച് സിപിഐയുടെ നിലപാട് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറത്തേക്കു ഞാൻ പറയില്ല. സെക്രട്ടറിയുടെ നിലപാടുതന്നെയാണ് ഞങ്ങൾ എല്ലാവർക്കും. വ്യത്യസ്ത നിലപാട് പാർട്ടിയിലെ ആർക്കുമില്ലെന്നും ജി.ആർ. അനിൽ മനോരമ ഓൺലൈനോടു പറഞ്ഞു.∙ ഓണത്തിന് പൊതുവിപണിയിൽ സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകൾക്കു വലിയ തോതിലുള്ള അഭിനന്ദനങ്ങളാണല്ലോ ലഭിക്കുന്നത്? ഇത്തവണത്തെ ഓണക്കാലവുമായി ബന്ധപ്പെട്ട പൊതുവിപണിയിലെ ഇടപെടലിൽ സർക്കാർ വളരെ വളരെ പിന്നിലായി പോയി. വളരെ നേരത്തെ ഓണവിപണി ലക്ഷ്യമിട്ടു തയാറെടുപ്പുകൾ നടത്താൻ ഈ സർക്കാരിനോ ഉദ്യോഗസ്ഥർക്കോ കഴിഞ്ഞില്ല. കഴിഞ്ഞ ഓണക്കാലത്ത് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും റേഷൻ കടകളിലൂടെ 10 രൂപ 90 പൈസ നിരക്കിൽ 15 കിലോ അരി വെള്ള കാർഡിനും 10 കിലോ അരി നീല കാർഡിനും മറ്റ് കാർഡുകാർക്ക് 5 കിലോ അരിയും നൽകി. ഇത്തവണ സ്പെഷൽ അരിയുടെ വില 26 രൂപയാക്കി. അരിയുടെ അളവ് 15 കിലോയിൽനിന്ന് 7 കിലോ ആയും 10 കിലോ എന്നത് 3 കിലോയുമാക്കി. അളവു കുറച്ച് വില കൂട്ടുന്നത് കേരളത്തിൽ ആദ്യമായാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സപ്ലൈകോയിൽ 20 കിലോ അരി 25 രൂപ നിരക്കിലാണു കൊടുത്തത്. 2024 ലെ ഓണം വരെ വെളിച്ചെണ്ണ അരക്കിലോയാണ് സബ്സിഡിയായി കൊടുത്തിരുന്നതെങ്കിൽ അത് ഒരു കിലോയാക്കി. അരക്കിലോ കൊടുത്തിരുന്ന മുളകും ഒരു കിലോയാക്കി.∙ പക്ഷേ, പല ഉൽപന്നങ്ങൾക്കും ഇത്തവണ വില കുറച്ചിട്ടുണ്ടല്ലോ? കഴിഞ്ഞ തവണയും അങ്ങനെ തന്നെയാണ്. 530 രൂപ വിലയുണ്ടായിരുന്ന വെളിച്ചെണ്ണ 334 രൂപയ്ക്കു കൊടുത്തില്ലേ. ഒരു രൂപയും 50 പൈസയുമൊക്കെ സാധാരണ കുറയ്ക്കുന്നതാണ്. സബ്സിഡി ഇതര ഉൽപന്നങ്ങൾക്കു കഴിഞ്ഞ വർഷം 50 ശതമാനത്തോളം സപ്ലൈകോ ഓഫർ കൊടുത്തു. അതു വലിയ കമ്പനിയുമായി സംസാരിച്ചു ധാരണയെത്തിയതിനാലാണ്. അങ്ങനെ ഓഫർ കൊടുത്തതിനാലാണ് സബ്സിഡി ഇതര ഉൽപന്നങ്ങൾ 250 കോടിയോളം രൂപയ്ക്ക് വിറ്റത്. സർക്കാർ കാര്യക്ഷമായി ഇടപെടാനുള്ള സാഹചര്യം ഈ സർക്കാർ മുതലാക്കിയില്ല.
Fashion ⏭️


