NEWS

മണ്ഡല-മകരവിളക്ക് തീർഥാടകർക്ക് നാന്നൂറോളം മുറികൾ, ആൾക്കൂട്ട നിയന്ത്രണത്തിന് എഐ; ദേവസ്വം ബോർഡ് റിപ്പോർട്ട് ഹൈക്കോടതിയിൽ


കൊച്ചി ∙ വരുന്ന മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തിനു മുന്നോടിയായി ശബരിമലയിൽ നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർഥാടകർക്ക് നാന്നൂറോളം മുറികൾ അനുവദിക്കുന്നതും ആൾക്കൂട്ട നിയന്ത്രണത്തിന് നിർമിതബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള പദ്ധതിയും അടക്കമുള്ള കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. പരിഷ്കരണ നടപടികളിൽ തൃപ്തി രേഖപ്പെടുത്തിയ ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച്, ശുചീകരണ കാര്യങ്ങൾ ഉറപ്പാക്കാനും നിർദേശം നൽകി. ശുചിമുറികളുടെ ശുചിത്വം ഉറപ്പാക്കുക, കൂടുതൽ ബയോ-ടോയ്‌ലറ്റുകൾ സ്ഥാപിക്കുക, തടസമില്ലാതെ കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ നിർദേശങ്ങളും കോടതി ദേവസ്വം ബോർഡിന് നൽകിയി.ഭക്തർക്കുള്ള താമസസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് ആവശ്യമായ മുറികൾ ഒഴികെ നാന്നൂറോളം മുറികൾ ഓൺലൈൻ ബുക്കിങ് വഴി ലഭ്യമാക്കും. മുൻകാലങ്ങളിൽ ഈടാക്കിയിരുന്ന വലിയ തുകയുടെ ഡെപ്പോസിറ്റ് ഒഴിവാക്കി 50 രൂപയുടെ മടക്കിനൽകാത്ത സർവീസ് ചാർജ് മാത്രമാണ് ഇനി മുതൽ ഈടാക്കുക. മുറികളുടെ ശുചിത്വവും പരിപാലനവും ഉറപ്പാക്കാൻ പ്രഫഷണൽ ഹൗസ് കീപ്പിങ് ഏജൻസികളെ കരാർ അടിസ്ഥാനത്തിൽ ഏൽപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. അപ്പവും അരവണയും തയാറാക്കുന്നതിനുള്ള സാധനസാമഗ്രികളുടെ സംഭരണത്തിൽ മുൻവർഷങ്ങളിലുണ്ടായിരുന്ന പോരായ്മകൾ പരിഹരിച്ചതായി ബോർഡ് അറിയിച്ചു. ശബരീശ നടയിലെ മാലിന്യ സംസ്കരണത്തിനായി ത്രീ-ബിൻ സിസ്റ്റം നിർബന്ധമാക്കിയിട്ടുണ്ടെന്ന് ബോർഡ് പറഞ്ഞു. ഭക്ഷണമാലിന്യം, ജൈവമാലിന്യം, അജൈവമാലിന്യം എന്നിങ്ങനെ വേർതിരിച്ച് ശേഖരിക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും കടകൾക്കും മാനദണ്ഡങ്ങൾ നിശ്ചയിച്ചുള്ള ബിന്നുകൾ ബോർഡ് നൽകും. റോബോട്ടിക്-യന്ത്രവൽകൃത ശുചീകരണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം ക്ലീൻ കേരള കമ്പനിയുടെ സഹായത്തോടെ വർഷങ്ങളായി കുന്നുകൂടിയ ഇലക്ട്രോണിക്-ലോഹ മാലിന്യങ്ങൾ നീക്കം ചെയ്തുവരികയാണ്. ഇതിനുപുറമെ, പൊലീസിന്റെ സഹകരണത്തോടെ നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ആൾക്കൂട്ട നിയന്ത്രണവും തയാറാകുന്നുവെന്ന് ബോർഡ് പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരെ പങ്കാളികളാക്കി പ്ലാസ്റ്റിക് നിരോധനം, പമ്പയിലെ വസ്ത്രം ഉപേക്ഷിക്കൽ തടയൽ എന്നിവ ലക്ഷ്യമിട്ട് ‘ശബരിമല സന്ദേശ്’ മാസികയിലൂടെ വിപുലമായ ബോധവൽക്കരണം ആരംഭിച്ചിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.


Fashion ⏭️

Back to top button