വീട്ടിൽ ട്യൂഷനെടുത്ത് തുടക്കം; ഇന്ന് ലോകമറിയുന്ന എഡ്യൂക്കേഷൻ പ്ലാറ്റ്ഫോമിന്റെ ഉടമകളായി മലയാളി യുവതികൾ

നജീബ, മരിയ
തൊഴിൽ രഹിതരായ ധാരാളം യുവാക്കളുള്ള നാടാണ് നമ്മുടെ കേരളം. വിദ്യാഭ്യാസത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമായിട്ടും ജോലിയിലേക്ക് കടക്കുമ്പോൾ പലർക്കും അടിതെറ്റുന്നു. ആഗ്രഹിച്ച ജോലി കിട്ടാത്തതാണ് പലരുടെയും പ്രശ്നം. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ നാട്ടിൽ യുവസംരംഭകരുടെ എണ്ണവും വർദ്ധിച്ചുവരികയാണ്.
മുൻകാലങ്ങളെ അപേക്ഷിച്ച് വെല്ലുവിളികളെ മറികടന്ന് സ്വന്തം ആഗ്രഹങ്ങൾക്കായി പരിശ്രമിക്കുന്നവരും ഏറെയാണ്. ഇങ്ങനെയുള്ള രണ്ടുപേരാണ് മലപ്പുറം അരീക്കോട് സ്വദേശിയായ നജീബയും കോഴിക്കോട് താമരശേരി സ്വദേശിയായ മരിയയും. പോക്കറ്റ് മണിക്കായി വീട്ടിൽ ട്യൂഷനെടുത്ത് തുടങ്ങിയ ഇവർ ഇന്ന് എത്തിനിൽക്കുന്നത് വിദേശത്ത് നിന്നുപോലും വിദ്യാർത്ഥികളുള്ള ‘അലാം ലേണിംഗ്’ എന്ന ഓൺലൈൻ എഡ്യൂക്കേഷൻ പ്ലാറ്റ്ഫോമിന്റെ ഉടമകളായാണ്.
തുടക്കം
ഡിഗ്രി പഠനകാലത്ത് ചെറിയൊരു വരുമാനമെന്ന നിലയിലാണ് നജീബയും മരിയയും സ്വന്തം വീടുകളിൽ ട്യൂഷനെടുത്ത് തുടങ്ങിയത്. അദ്ധ്യാപകരാകണം എന്ന ആഗ്രഹത്തോടെയാണ് ഇവർ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത്. ശേഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവെങ്കിലും അവിടുത്തെ പഠന രീതികളുമായി യോജിക്കാൻ നജീബയ്ക്കായില്ല. തുടർന്ന് ജോലി ഉപേക്ഷിച്ച് വീണ്ടും ട്യൂഷൻ രംഗത്തേക്ക് കടന്നു.
വിവാഹശേഷം നജീബയും മരിയയും മുക്കത്തേക്ക് താമസം മാറി. ഇരുവരുടെയും ഭർത്താക്കന്മാർ സുഹൃത്തുക്കളാണ്. അങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നത്. സ്വന്തം വീടുകളിൽ ട്യൂഷനെടുത്തിരുന്ന ഇരുവരും കുട്ടികളുടെ എണ്ണം കൂടിയതോടെ മരിയയുടെ ഭർതൃവീട്ടിൽ ഒരുമിച്ച് പഠിപ്പിക്കാൻ തീരുമാനിച്ചു. വീണ്ടും കുട്ടികളുടെ എണ്ണം കൂടിയതോടെയാണ് ഓൺലൈൻ ട്യൂഷനെക്കുറിച്ച് ഇവർ ആലോചിച്ചുതുടങ്ങിയത്. തുടർന്ന് രണ്ട് വർഷം മുമ്പ് ഗൂഗിൾ മീറ്റിലൂടെ ക്ലാസുകൾ ആരംഭിച്ചു. ഓരോ കുട്ടിക്കും ഓരോ അദ്ധ്യാപകർ എന്ന രീതിയിലാണ് ക്ലാസെടുക്കുന്നത്.
വ്യത്യസ്തമായ പഠനരീതി
ഒരുപാട് കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്ന രീതിയോട് ഇരുവർക്കും താൽപ്പര്യമില്ല. ഓരോ കുട്ടികളുടെയും പഠനരീതിയും കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവും വ്യത്യസ്തമാണ്. ഇത് മനസിലാക്കി ഓരോരുത്തർക്കും പ്രത്യേകം ക്ലാസുകളാണ് നൽകുന്നത്. ആദ്യം 20 ദിവസത്തെ ട്രയൽ ക്ലാസുകൾ നൽകും. ദിവസം ഒരു മണിക്കൂറാണ് ക്ലാസ്. ആദ്യം അടിസ്ഥാന വിദ്യാഭ്യാസം നൽകിയ ശേഷമാണ് സിലബസിലേക്ക് കടക്കുക.
എൽകെജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണ് ട്യൂഷൻ നൽകുന്നത്. രാവിലെ മുതൽ രാത്രി പത്ത് മണി വരെയാണ് ക്ലാസുകൾ. ഇതിൽ കുട്ടികൾക്ക് വേണ്ട സമയം തിരഞ്ഞെടുക്കാം. സാധാരണ പഠനരീതിയിൽ നിന്ന് വ്യത്യസ്തമായി എന്റർടെയ്ൻമെന്റും എഡ്യൂക്കേഷനും സംയോജിപ്പിച്ച് എഡ്യൂടെയ്ൻമെന്റ് രീതിയാണ് അലാം ലേണിംഗിൽ നൽകുന്നത്. യാതൊരു മടിയുമില്ലാതെ കുട്ടികൾക്ക് ആസ്വദിച്ച് പഠിക്കാൻ ഇതിലൂടെ സാധിക്കും.
സാധാരണ പഠനത്തിനപ്പുറം, ഓരോ കുട്ടിയിലുമുള്ള കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് അവരുടെ സ്വപ്നങ്ങളിലേക്ക് നയിക്കുകയും നല്ല സ്വഭാവഗുണമുള്ള പൗരന്മാരാക്കി മാറ്റുകയുമാണ് അലാം ലേണിംഗിലൂടെ നജീബയും മരിയയും ലക്ഷ്യമിടുന്നത്. കോഴിക്കോട്ടെ കൊച്ചുഗ്രാമത്തിലെ കുട്ടികളെ വച്ചുതുടങ്ങിയ ട്യൂഷൻ ക്ലാസിൽ ഇന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്.
സംരംഭത്തിലേക്കുള്ള ചുവടുവയ്പ്പ്
ഒറ്റനിമിഷം കൊണ്ടല്ല നജീബയും മരിയയും അലാം ലേണിംഗിലേക്ക് എത്തിയത്. ചെറിയ രീതിയിൽ തുടങ്ങിയ അവർക്ക് ഓരോ ഘട്ടത്തിലും പല വെല്ലുവിളികളും നേരിടേണ്ടിവന്നിട്ടുണ്ട്. തോറ്റുകൊടുക്കാനുള്ള മനസിലാതെ പോരാടി അവർ വിജയം കൈവരിക്കുകയായിരുന്നു. ഓഫ്ലൈൻ ട്യൂഷനായി ധാരാളംപേർ സമീപിക്കുന്നുണ്ടെങ്കിലും ഓരോ കുട്ടികൾക്കും കൃത്യമായ രീതിയിൽ ശ്രദ്ധ ലഭിക്കണമെന്നതിനാൽ അത് സാദ്ധ്യമല്ലെന്നാണ് ഇവർ പറയുന്നത്.
പണത്തിനായി കുട്ടികളെ കൂട്ടുന്നതിന് പകരം ഒരു കുട്ടിയാണെങ്കിൽ പോലും ശരിയായി പഠിപ്പിക്കാനാണ് അലാം ലേണിംഗ് ലക്ഷ്യമിടുന്നത്. മറ്റുള്ള സ്ഥാപനങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഇവർ ഈടാക്കുന്ന ഫീസും വളരെ തുച്ഛമാണ്.
സോഷ്യൽ മീഡിയയിലും സജീവം
അലാം വിത്ത് നജീബ, അലാം വിത്ത് മരിയ എന്ന പേരിൽ ഇരുവർക്കും പ്രത്യേകം ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുണ്ട്. അലാം ലേണിംഗിനെ മറ്റുള്ളവരിലേക്ക് എത്തിക്കാനായുള്ള വീഡിയോകൾ ഇവർ ഇതിൽ ചെയ്യാറുണ്ട്. രണ്ടുപേരിൽ തുടങ്ങി ഇന്ന് 45 ജീവനക്കാരുമായി അലാം ലേണിംഗ് യാത്ര തുടരുകയാണ്. ഇതുവരെ എത്താൻ സാധിച്ചതിൽ കുടുംബം നൽകിയ പിന്തുണയെക്കുറിച്ച് ഇരുവരും എടുത്തുപറയുന്നുണ്ട്. മനസിൽ ശക്തമായ ആഗ്രഹമുണ്ടെങ്കിൽ എത്ര ഉയരവും കീഴടക്കാനാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നജീബയും മരിയയും.
ഇൻസ്റ്റഗ്രാം: alarmlearning
ഫോൺ : +91 8891618623, 8086086231
RELATED TOPICS: ONLINE EDUCATION KERALA, ALAM LEARNING, NAJEEBA AND MARIA, KERALA WOMEN ENTREPRENEURS, ONLINE TUITION KERALA
Read News ⏭️


