NEWS

‘തീരുമാനം ദൈവഹിതമെന്ന് തോന്നിപ്പോകുന്നു, അരവണയ്‌ക്കായി ഇനി ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കും’; കെ ജയകുമാർ

ശബരിമല, കെ ജയകുമാർ

പത്തനംതിട്ട: ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. വരുന്ന മണ്ഡലകാലത്ത് അരവണ ഉൾപ്പെടെയുള്ള പ്രസാദങ്ങൾ ഉണ്ടാക്കാനായി ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മിൽമ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ചർച്ച ഇന്ന് നടക്കും. അതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ ജയകുമാർ.

‘മിൽമ നെയ്യിൽ എന്തെങ്കിലും പോരായ്‌മയുണ്ടെന്ന് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. കഴിഞ്ഞ സീസണിലാണ് ഇത് നടന്നത്. മിൽമയുടെ അന്വേഷണം വരുന്നതിന് മുമ്പ് തന്നെ ഈ വർഷത്തെ അരവണ നിർമാണത്തിനായി പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ല എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ആവശ്യത്തിലധികം നെയ്യ് ഭക്തർ ഉൾപ്പെടെ ശബരിമലയിൽ കൊണ്ടുവരുന്നുണ്ട്. അതിനാലാണ് പുറത്തുനിന്ന് വാങ്ങേണ്ടെന്ന് തീരുമാനിച്ചത്. അത് ദൈവഹിതമാണെന്ന് ഇപ്പോൾ തോന്നുന്നു. ഈശ്വരനാണ് ഞങ്ങളെക്കൊണ്ട് അങ്ങനെയൊരു തീരുമാനം എടുപ്പിച്ചത്.

മിൽമ നൽകിയ നെയ്യിൽ ദോഷമുണ്ടെന്ന് ഇനി എങ്ങനെ പരിശോധിക്കുമെന്ന് എനിക്കറിയില്ല. ഫുഡ് സേഫ്‌റ്റി ലബോറട്ടറിയിൽ സാമ്പിൾ പരിശോധിച്ച ശേഷമാണ് മിൽമ നൽകിയ എല്ലാ നെയ്യും ശബരിമലയിൽ കയറ്റിയിട്ടുള്ളത്. അതിൽ എന്തെങ്കിലും പോരായ്‌‌മ ഉണ്ടായതായി ഇതുവരെ പരാതി ഉയർന്നിട്ടില്ല. ഉപയോഗിച്ച് കഴിഞ്ഞ നെയ്യ് മോശമായിരുന്നോ എന്ന് എങ്ങനെ കണ്ടുപിടിക്കുമെന്നും അറിയില്ല. എന്തായാലും ഞങ്ങളിനി പുറത്തുനിന്നും നെയ്യ് വാങ്ങുന്നില്ല. വിഷയത്തിൽ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്ന് അന്വേഷണം വേണമോ എന്ന് ഇന്നത്തെ ചർച്ചയ്‌ക്ക് ശേഷം തീരുമാനിക്കും’ – കെ ജയകുമാർ പറഞ്ഞു.

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിതരണത്തിൽ ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും ഇതിലൂടെ മിൽമയ്‌ക്ക് 85 ലക്ഷം രൂപയ്‌ക്കധികം നഷ്‌ടമുണ്ടായെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. വിഷയത്തിൽ അന്വേഷണം നടത്താൻ ദേവസ്വം സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, വിഷയം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട് വന്നിരിക്കുന്നത്.

English Summary

The Travancore Devaswom Board has decided to stop buying ghee from external suppliers for Sabarimala. From the upcoming pilgrimage season, only ghee offered by devotees will be used to prepare prasadam. The decision comes amid a probe into alleged irregularities involving over 150,000 litres of substandard Milma ghee supplied to the temple.
RELATED TOPICS: SABARIMALA, MILMA GHEE ISSUE SABARIMALA, SABARIMALA FAKE MILMA GHEE, SABARIMALA ISSUE, K JAYAKUMAR PRESSMEET

Read News ⏭️

Back to top button