NEWS

മുത്തങ്ങയിൽ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: 4 പ്രതികൾ കുറ്റക്കാർ, ശിക്ഷ ഉടൻ


കൽപറ്റ ∙ മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെടുകയും പൊലീസുകാർക്കും വനപാലകർക്കും പരുക്കേൽക്കുകയും ചെയ്ത കേസിൽ 4 പ്രതികൾ കുറ്റക്കാരെന്നു കോടതി. 1, 3, 5, 11 എന്നീ പ്രതികൾ മാത്രമാണ് കുറ്റക്കാർ. 23 മുതൽ 57 വരെയുള്ള പ്രതികൾ നിരപരാധികൾ. ശിക്ഷ അൽപസമയത്തിനകം പ്രഖ്യാപിക്കും.2003 ജനുവരി 5നാണു മുത്തങ്ങ തകരപ്പാടി വനത്തിൽ ആദിവാസി ഗോത്രമഹാസഭ നേതാക്കളായ എം.ഗീതാനന്ദൻ, സി.കെ.ജാനു എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾ കുടിൽ കെട്ടി സമരം തുടങ്ങിയത്. 17ന് 21 വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 23 പേരെ ആദിവാസികൾ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. ഇവരെ പിറ്റേന്നു മോചിപ്പിച്ചെങ്കിലും 19ന് സമരക്കാരെ പിരിച്ചുവിടാനായി പൊലീസ് വെടിവയ്പ് നടത്തുകയായിരുന്നു. കേസ് ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സിബിഐയുമാണ് അന്വേഷിച്ചത്. ∙ എന്താണ് മുത്തങ്ങ കേസ്? അഞ്ചേക്കർ ഭൂമിയെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ഗോത്ര ഊരുകളിൽ നിന്നുള്ള 825 കുടുംബങ്ങളിലെ നാലായിരത്തോളം സമരാർഥികൾ 2003 ജനുവരി 5ന് സി.കെ.ജാനുവിന്റെ നേതൃത്വത്തിൽ മുത്തങ്ങ വനം കയ്യേറി ഊര് സ്ഥാപിച്ചതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. സമരത്തെ അടിച്ചമർത്താൻ 2003 ഫെബ്രുവരി 19ന് നടത്തിയ വെടിവയ്പ്പിൽ സമരത്തിന്റെ മുൻപന്തിയിലുണ്ടായിരുന്ന ജോഗി മരിച്ചു. ചോരവാർന്ന് ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഗോത്രമഹാസഭാ നേതാക്കളായ സി.കെ. ജാനുവിന്റെയും എം. ഗീതാനന്ദന്റെയും നേതൃത്വത്തിലായിരുന്നു മുത്തങ്ങ ഭൂസമരം.


Fashion ⏭️

Back to top button