പുരപ്പുറത്ത് സോളാർ വയ്ക്കുന്നവർക്ക് പുതിയ പ്രതിസന്ധി: സ്വന്തമായി വാങ്ങിയാൽ കുടുങ്ങും, വായ്പ്പയെടുത്തവരും പെട്ടു

പ്രതീകാത്മക ചിത്രം
കണ്ണൂർ: വൈദ്യുത പ്രതിസന്ധി നിലനിൽക്കെ പുരപ്പുറ സോളാർ പദ്ധതി ജില്ലയിൽ താളം തെറ്റി.നിലവിൽ ജില്ലയിൽ 2040 കണക്ഷനുകളാണ് പാതിവഴിയിലുള്ളത്. നെറ്റ് മീറ്റർ ക്ഷാമമാണ് പദ്ധതിയുടെ മുന്നോട്ട് പോക്കിന് വെല്ലുവിളി . രണ്ടരമാസം മുമ്പാണ് മീറ്റർ ക്ഷാമം തുടങ്ങിയത്.കഴിഞ്ഞമാസം അവസാനത്തോടെ മീറ്ററുകൾ ലഭ്യമാക്കുമെന്നായിരുന്നു വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചത്.എന്നാൽ സെക്ഷൻ ഓഫീസുകളിൽ മീറ്റർ എത്തിയില്ല.
സോളർ പ്ലാന്റുകളെ ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ഇംപോർട്ട്, എക്സ്പോർട്ട് നെറ്റ് മീറ്ററുകൾക്കാണ് ക്ഷാമം. ത്രീഫേസ് വിഭാഗത്തിൽ വരുന്ന മീറ്ററുകൾ കിട്ടാനില്ല . കേന്ദ്ര സർക്കാരിന്റെ പി.എം സൂര്യഘർ പദ്ധതി പ്രകാരമുള്ള സബ്സിഡി ഏതാനും മാസങ്ങൾ മാത്രമെ ലഭ്യമാകുകയുള്ളു. ഇത് കണക്കിലെടുത്ത് പ്ലാന്റുകൾ സ്ഥാപിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇതാണ് നെറ്റ് മീറ്റർ പ്രതിസന്ധിക്ക് പിന്നിലെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്.
300 യൂണിറ്റുവരെ വൈദ്യുതി സൗജന്യമായി നേടാനാകുമെന്നാണ് പദ്ധതിയുടെ വാഗ്ദാനം. ഉപഭോക്താവിന് 78,000 രൂപവരെ സബ്സിഡി നേടാനും കഴിയും.
ലക്ഷ്യം ഒരു കോടി വീടുകൾ
ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ പദ്ധതി ഉറപ്പാക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെയായിരുന്നു 2024ൽ പി.എം.സൂര്യ ഘർ പദ്ധതിയുടെ തുടക്കം.പദ്ധതി പ്രകാരം മൂന്ന് വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിക്കുക. ഒരു കിലോവാട്ട് സോളർ സിസ്റ്റം വയ്ക്കുന്നവർക്ക് 30,000 രൂപവരെ. രണ്ട് കിലോവാട്ടിന് 60,000 രൂപവരെ. മൂന്ന് കിലോവാട്ടിന് പരമാവധി 78,000 രൂപ.
സ്വന്തമായി വാങ്ങിയാൽ കുടുങ്ങും
സ്വന്തമായി മീറ്റർ വാങ്ങി കണക്ഷൻ നൽകാമെങ്കിലും മീറ്റർ വിലയും പരിശോധിക്കാനുള്ള പ്രയാസവും ഭാവിയിൽ തകരാറിലായാൽ സ്വയം മാറ്റേണ്ടി വരുമെന്നതും ഉപഭോക്താക്കളെ പിന്നോട്ടു വലിക്കുന്നു. സ്വന്തം നിലയ്ക്ക് സിംഗിൾ ഫേസ് നെറ്റ് മീറ്റർ സ്ഥാപിക്കാൻ മൂവായിരം മുതൽ അയ്യായിരം രൂപ വരെ ചെലവുണ്ട്. ത്രീഫേസിന് ഇത് പതിനായിരത്തിനു മുകളിലാവും. മീറ്റർ വാങ്ങി നൽകുന്നവർക്കു മീറ്റർ വാടക ഒഴിവാക്കി നൽകാമെന്ന് കെ.എസ്.ഇ.ബിയുടെ വാഗ്ദാനമുണ്ട്.
വായ്പ്പയെടുത്ത് കുടുങ്ങി
പലരും ബാങ്ക് വായ്പയിലാണ് പദ്ധതിക്കുള്ള തുക കണ്ടെത്തിയത്. കെ.എസ്.ഇ.ബി ലൈനിലേക്കു മീറ്റർ വഴി ബന്ധിപ്പിച്ച് ഊർജ ഉത്പാദനം തുടങ്ങിയാൽ മാത്രമേ സബ്സിഡി അനുവദിക്കു.വായ്പയെടുത്ത് സോളാർ പ്ലാന്റ് സ്ഥാപിച്ചവർ ഇപ്പോൾ കെ.എസ്.ഇ.ബി ബില്ലും ഒപ്പം വായ്പയുടെ മാസ തവണയും അടയ്ക്കേണ്ട അവസ്ഥയിലാണ്.നിലവിലെ കലാവസ്ഥയ്ത്ത് പദ്ധതിയിലൂടെ മികച്ച രീതിയിൽ വൈദ്യുതി ഉത്പാദിക്കാനാവുന്ന സമയവുമാണ്.
RELATED TOPICS: ROOFTOP SOLAR KERALA, SOLAR PANEL LOAN, ROOFTOP SOLAR CRISIS, SOLAR INSTALLATION KERALA, SOLAR POWER NEWS
Read News ⏭️


