NEWS

കേരളത്തിലെ   അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ച് വിലക്കയറ്റം,​  സ്ഥിരം വിഭവങ്ങൾ ആഡംബരമാകുമോ എന്ന് ആശങ്ക

പ്രതീകാത്മക ചിത്രം

കൊച്ചി: സാധാരണക്കാരുടെ തീൻമേശയിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്ന മുട്ടയ്ക്കും കോഴിയിറച്ചിക്കും കേരളത്തിൽ കനത്ത വില. വിപണിയിൽ മുട്ട ഒന്നിന് 8.50 മുതൽ 9 രൂപ വരെയാണ് ഇപ്പോഴത്തെ വില. കോഴിയിറച്ചിക്ക് കിലോഗ്രാമിന് 350 മുതൽ 450 രൂപ വരെയും നൽകണം. എല്ലില്ലാത്ത ചിക്കന്റെ വില ചിലയിടങ്ങളിൽ 500 രൂപയും പിന്നിട്ടു.

വില ഉയർന്നതോടെ ദിവസേനയുള്ള ഭക്ഷണച്ചെലവിൽ മുട്ടയും ചിക്കനും വലിയ പങ്ക് പിടിക്കുന്ന സ്ഥിതിയാണ്. പ്രോട്ടീനായി സാധാരണക്കാർ കൂടുതൽ ആശ്രയിച്ചിരുന്ന ഈ ഭക്ഷ്യവസ്തുക്കളുടെ വിലയിലെ വർദ്ധന കുടുംബ ബഡ്ജറ്റിനും തിരിച്ചടിയാകുകയാണ്. കോഴിത്തീറ്റയുടെ വില ഉയർന്നതാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന്. തീറ്റയ്ക്ക് ഉപയോഗിക്കുന്ന ചോളത്തിന്റെയും സോയാബീന്റെയും വിലയും ലഭ്യതയും വിപണിയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്.

ചോളത്തിന്റെ വലിയൊരു ഭാഗം എത്തനോൾ നിർമാണത്തിനായി ഉപയോഗിക്കാൻ തുടങ്ങിയതോടെ കോഴിത്തീറ്റയ്ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞു. ഇതോടെ തീറ്റയുടെ വിലയും ഉയർന്നു. തീറ്റയ്ക്കുള്ള വിഹിതം കോഴി വളർത്തലിലെ മൊത്തം ചെലവിനും കൂടുതലാണ്. മുട്ട ഉൽപാദനച്ചെലവിന്റെ ഏകദേശം 70 ശതമാനവും തീറ്റയ്ക്കാണ് ചെലവാകുന്നത്. അതിനാൽ തീറ്റയുടെ വിലയിലുണ്ടാകുന്ന മാറ്റം മുട്ടയുടെയും കോഴിയിറച്ചിയുടെയും വിപണിവിലയിൽ വേഗത്തിൽ പ്രതിഫലിക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് മുട്ടയുടെ വില 40 ശതമാനം വരെ വർദ്ധനയുണ്ടായതായാണ് കണക്കുകൾ.

സംസ്ഥാനത്തെ കോഴിയിറച്ചി വിപണിയുടെ വലിയൊരു ഭാഗം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിതരണത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ആവശ്യത്തിന് കോഴികളെ ലഭിക്കാത്തതും ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി. കേരളത്തിൽ പ്രതിദിനം ഏകദേശം 300 ലോഡ് കോഴി ആവശ്യമുള്ളപ്പോൾ ലഭിക്കുന്നത് 80 ലോഡിനടുത്ത് മാത്രമാണെന്നാണ് വ്യാപാര മേഖലയിലെ കണക്ക്. തമിഴ്നാട്ടിലെ ഫാമുകളിൽ കടുത്ത ചൂടിനെ തുടർന്ന് ഉൽപാദനം കുറഞ്ഞതും കേരളത്തിലേക്കുള്ള വരവിനെ ബാധിച്ചു.

രാജ്യത്തെ പ്രധാന മുട്ട ഉൽപാദന കേന്ദ്രങ്ങളിലൊന്നായ നാമക്കലിൽ നിന്നുള്ള വിതരണം കുറഞ്ഞതും തിരിച്ചടിയായി. അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുട്ടയ്ക്കും കോഴിയിറച്ചിക്കും ആവശ്യകത ഉയർന്നതോടെ ലഭ്യമായ ഉൽപന്നത്തിന്റെ വലിയൊരു പങ്ക് അങ്ങോട്ടേക്ക് പോകുന്നതും കേരളത്തിലെ വിപണിയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളുടെ വിലയും കുത്തനെ ഉയർന്നു. മൂന്നാഴ്ചയ്ക്കിടെ കുഞ്ഞൊന്നിന്റെ വില 30 രൂപയിൽ നിന്ന് 56 രൂപയായി. തീറ്റ, കോഴിക്കുഞ്ഞുങ്ങൾ, ഗതാഗതം തുടങ്ങിയ ചെലവുകൾ ഒരേസമയം ഉയർന്നതോടെ ഫാം ഉടമകൾക്കും കടുത്ത സമ്മർദമാണ് നേരിടുന്നത്. ഉൽപാദനച്ചെലവ് വർദ്ധിച്ചതിനാൽ ആണ് വിപണിയിൽ കോഴിയിറച്ചിയുടെ വിലയും ഉയർന്നത്. വരവ് കുറഞ്ഞതും ആവശ്യം ഉയർന്നതും ഉൽപാദനച്ചെലവിലെ വർദ്ധനയും ഒരുമിച്ചെത്തിയത് നിലവിലെ വിലക്കയറ്റത്തിന് കാരണമായി. വിലക്കയറ്റം തുടർന്നാൽ മുട്ടയും കോഴിയിറച്ചിയും സാധാരണക്കാരുടെ ഭക്ഷണപ്പട്ടികയിൽ നിന്ന് പതിയെ അകലുമോയെന്ന ആശങ്കയും ശക്തമാകുകയാണ്.

English Summary

Kerala is experiencing a significant surge in egg and chicken prices, with eggs costing ₹8.50-₹9 each and chicken up to ₹450 per kg. This price hike stems from escalating poultry feed costs due to corn diversion for ethanol, reduced supply from neighboring states owing to heat and increased external demand, alongside higher chick prices, severely impacting common household budgets.
RELATED TOPICS: BUDGET, RISING PRICE EGG, RISING PRICE MEAT, LATESTNEWS, CHICKEN PRICE

Read News ⏭️

Back to top button