NEWS
ജിജിയെ തേടി ഇനി മകളുടെ വിളിയില്ല; വിഡിയോ കോളിനു പിന്നാലെ എത്തിയത് ദുരന്ത വാർത്ത

തിരുവനന്തപുരം∙ അച്ഛന്റെ ആരോഗ്യവിവരങ്ങള്‍ തേടി ഇനി പൊന്നുമകളുടെ വിളിയെത്തില്ല. കലിഫോര്‍ണിയയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആന്‍ മേരി മാത്യുവിന്റെ ഏറ്റവും വലിയ മനോവിഷമം പിതാവ് ജിജി മാത്യു നാട്ടില്‍ ഒറ്റയ്ക്കാണെന്നതായിരുന്നു. മിക്ക ദിവസങ്ങളിലും ഫോണില്‍ വിളിച്ച് അച്ഛന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കുമായിരുന്നു. കഴിഞ്ഞ ദിവസവും വിഡിയോ കോള്‍ ചെയ്തിരുന്നു. പിന്നാലെ ജിജി മാത്യുവിനെ തേടിയെത്തിയത് മകള്‍ക്കുണ്ടായ ദാരുണാന്ത്യമാണ്. ഉറ്റ സുഹൃത്തായിരുന്ന അനില, ആനിനെ കൊലപ്പെടുത്തിയെന്ന് വിശ്വസിക്കാന്‍ ജിജിക്കു ഇപ്പോഴും കഴിയുന്നില്ല. എന്താണു കാരണമെന്നു അറിയില്ല. 2018ല്‍ അപകടത്തില്‍ ഭാര്യ നഷ്ടപ്പെട്ടതിന്റെ ദുഖത്തില്‍ നീറിക്കഴിയുമ്പോഴാണ് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം മകളും അകാലത്തില്‍ വേര്‍പെട്ടു പോയത്. കേശവദാസപുരം കക്കാട് ലെയ്നിലെ വീട്ടിലേക്ക് ഒഴുകിയെത്തുന്ന ഉറ്റവരുടെ സാന്ത്വന വാക്കുകള്‍ക്കു നടുവിലും മകളുടെ ദുരോഗ്യം ഓര്‍ത്തു വിറങ്ങലിച്ചുനില്‍ക്കുകയാണ് ജിജി. ആനിന്റെ മൃതദേഹം രണ്ടാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുഎസിലെ സ്കൂളില്‍ കംപ്യൂട്ടര്‍ അധ്യാപികയായിരുന്നു ആന്‍. ആനിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് മസ്കത്തിലുള്ള ഇളയ സഹോദരി അബിനയും കേശവദാസപുരത്തെ വീട്ടിലെത്തിയിട്ടുണ്ട്. ഡിക്സണ്‍ ലാന്‍ഡിങ് റോഡില്‍ മില്‍ക്രീക്ക് അപ്പാര്‍ട്മെന്റ്സിലായിരുന്നു മൂന്നു യുവതികളും കുടുംബസമേതം താമസിച്ചിരുന്നത്. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഓണാഘോഷത്തില്‍ ഒന്നിച്ചു പങ്കെടുക്കുകയും തിയറ്ററില്‍ ഒന്നിച്ചു സിനിമ കാണാന്‍ പോകുകയും ചെയ്തിരുന്നു. എന്നാല്‍, വെള്ളിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെ അപ്പാര്‍ട്മെന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ നീല നിറത്തിലുള്ള എസ്യുവി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുകളയുന്നതു ദൃക്സാക്ഷികള്‍ കണ്ടിരുന്നു. വണ്ടിയോടിച്ചതും സ്ത്രീയാണെന്നു താമസക്കാര്‍ മില്‍പീറ്റസ് പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുമ്പോള്‍ അഞ്ജനയെ സംഭവസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തി. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ നീല എസ്യുവി മുന്‍ഭാഗം തകര്‍ന്ന നിലയില്‍ കിടക്കുന്നതും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് വണ്ടിയോടിച്ച അനിലയെ കസ്റ്റഡിയിലെടുത്ത്. അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞ് ആനിന്റെ ഭര്‍ത്താവ് കോട്ടയം ചിങ്ങവനം പള്ളത്ര വീട്ടില്‍ ജേക്കബ് ഫ്ലാറ്റിലെത്തി നോക്കുമ്പോഴാണ് കുത്തേറ്റു ചോര വാര്‍ന്ന് ആന്‍ മരിച്ചുകിടക്കുന്നതു കാണുന്നത്. ആദ്യം ആനിനെ കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്കു വിളിച്ചുവരുത്തി കാറിടിപ്പിച്ചതാകാമെന്നാണു കരുതുന്നത്.
Fashion ⏭️


