NEWS

‘പരമാധികാരത്തിൽ ഇടപെടരുത്, കരാർ റദ്ദാക്കിയതിൽ മാറ്റമില്ല’; സിന്ധു നദീജലക്കരാറിലെ ആർബിട്രേഷൻ കോടതി വിധി തള്ളി ഇന്ത്യ


ന്യൂഡൽഹി∙ സിന്ധു നദീജലക്കരാർ വിഷയത്തിൽ കോർട്ട് ഓഫ് ആർബിട്രേഷന്റെ (സിഒഎ) വിധി തള്ളി ഇന്ത്യ. വിഷയത്തിൽ ഇടപെടാൻ സിഒഎയ്ക്ക് അധികാരമില്ലെന്നും നിയമവിരുദ്ധമായി രൂപീകരിക്കപ്പെട്ടതാണ് സിഒഎ എന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സിഒഎ തിങ്കളാഴ്ച പുറപ്പെടുവിച്ച വിധിയാണ് ഇന്ത്യ തള്ളിയത്. രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടാൻ സിഒഇയ്ക്ക് അധികാരമില്ലെന്നും ഇന്ത്യ ആവർത്തിച്ചു. കരാർ ഇന്ത്യ റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ വ്യവസ്ഥകൾ പാലിക്കണമെന്നുമാണ് തിങ്കളാഴ്ച സിഒഎ പറഞ്ഞത്.എന്നാൽ ഈ കോടതിയുടെ വിധി ഇന്ത്യയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും സിന്ധു നദീജലക്കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നുവെന്ന നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ‘നിയമവിരുദ്ധമായി രൂപീകരിക്കപ്പെട്ട കോർട്ട് ഓഫ് ആർബിട്രേഷൻ സിന്ധു നദീജലക്കരാറിന്റെ അവസ്ഥയെക്കുറിച്ച് ഇന്ന് ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. നിയമവിരുദ്ധമായി ലോകബാങ്ക് രൂപീകരിച്ചതാണ് ഈ കോർട്ട്. അത് പുറപ്പെടുവിച്ച വിധിയെ ഇന്ത്യ തള്ളിക്കളയുന്നു. ഇന്നത്തെയും ഇനി ഭാവിയിലുണ്ടാകുന്ന വിധികളും ഇന്ത്യയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ല. സിന്ധു നദീജലക്കരാർ താൽക്കാലികമായി റദ്ദാക്കിയ നടപടിയിൽ മാറ്റമില്ല.’– വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. ഈ കോടതിയെ ഒരിക്കലും ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും കരാറിലെ വ്യവസ്ഥകൾ സംഘിച്ചാണ് കോടതി രൂപൂകരിച്ചിട്ടുള്ളതെന്നും ഇന്ത്യ കൂട്ടിച്ചേർത്തു. ഈ കോടതിക്ക് മുന്നിൽ ഒരിക്കലും ഇന്ത്യ ഹാജരാകുകയോ അത് നേരത്തെ പുറപ്പെടുവിച്ച വിധികൾ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.


Fashion ⏭️

Back to top button