‘കോൺഗ്രസ് നേതൃത്വത്തിന്റെ അജ്ഞതയും വിവരക്കേടും’: പ്രൊഫ. കാമകോട്ടിക്കെതിരെയുള്ള പരാമർശത്തിൽ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : ഐഐടി മദ്രാസ് ഡയറക്ടറും രാജ്യത്തെ പ്രമുഖ സാങ്കേതിക വിദഗ്ധനുമായ പ്രൊഫ. വി. കാമകോട്ടിക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശം അത്യന്തം അപലപനീയവും രാജ്യത്തെ ശാസ്ത്ര-അക്കാദമിക സമൂഹത്തോടുള്ള അനാദരവിന്റെ പ്രകടനവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാജ്യത്തിന് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മൈക്രോപ്രൊസസർ ഉൾപ്പെടെ ഇന്ത്യയുടെ സാങ്കേതിക സ്വയംപര്യാപ്തതയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രൊഫ. കാമകോട്ടിയെപ്പോലുള്ള ശാസ്ത്രജ്ഞരെയും അക്കാദമിക് വിദഗ്ധരെയും രാഷ്ട്രീയ ലക്ഷ്യത്തോടെ അവഹേളിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ അജ്ഞതയും വിവരക്കേടും വെളിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ശാസ്ത്രീയ പുരോഗതിക്കും ഗവേഷണ മേഖലയ്ക്കും സംഭാവന നൽകുന്ന വ്യക്തിത്വങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അവരുടെ നേട്ടങ്ങളെ നിസാരവത്കരിക്കുകയും ചെയ്യുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണ്. ശാസ്ത്രത്തെയും ഗവേഷണത്തെയും ബഹുമാനിക്കേണ്ട ഉത്തരവാദിത്തം ദേശീയ രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്വയം ഒന്നും സൃഷ്ടിക്കാനോ രാജ്യത്തിന്റെ ശാസ്ത്ര-സാങ്കേതിക പുരോഗതിക്ക് സംഭാവന നൽകാനോ കഴിയാത്തവരാണ് മറ്റുള്ളവരുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നത്. അറിവില്ലായ്മ വിളമ്പി സ്വയം അപഹാസ്യരാകുന്നതിനേക്കാൾ ഭേദം മൗനം പാലിക്കുന്നതാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
RELATED TOPICS: RAJEEV CHANDRASEKHAR, PROF KAMAKOTI, CONGRESS CONTROVERSY, KAMAKOTI VIVADAM, RAJEEV CHANDRASEKHAR KERALA
Read News ⏭️


