ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിന്റെ കാലാവസ്ഥ മാറുന്നു, കൂടുതൽ ജില്ലകൾക്ക് യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്ന് സംസ്ഥാനത്തൊട്ടാകെ പരക്കെ മഴയാണ്. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച (ഫോട്ടോ: ജോഷ്‌വാൻ മനു)
തിരുവനന്തപുരം: വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ ദിവസങ്ങളിൽ കൂടുതൽ ജില്ലകൾക്ക് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. സെപ്തംബർ 23, 24, 25 തീയതികളിലാണ് അലർട്ടുള്ളത്. ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
യെല്ലോ അലർട്ട്
23/09/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്
24/09/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
25/09/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
അതിതീവ്ര ന്യൂനമർദ്ദ സാദ്ധ്യത
ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാദ്ധ്യത നിലനിൽക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
തുടർന്ന് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്തംബർ 23ന് രാത്രിയോ സെപ്തംബർ 24ന് പുലർച്ചെയോടെയോ വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിലൂടെ അതിതീവ്ര ന്യൂനമർദ്ദമായി കര തൊടാൻ സാദ്ധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇക്കാരണങ്ങളാൽ കേരളത്തിൽ സെപ്തംബർ 22 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇടിമിന്നലിനും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
English Summary
Kerala is experiencing widespread rain due to a low-pressure system in the Bay of Bengal. The India Meteorological Department has issued a yellow alert for several districts on September 23, 24, and 25, predicting strong rainfall. A very severe low-pressure area is forecast to make landfall between Visakhapatnam and Gopalpur, intensifying rain, lightning, and strong winds in Kerala until September 26.




