NEWS
അടച്ചുറപ്പില്ലാത്ത, ചോർന്നൊലിക്കുന്ന വീട്ടിൽ ഒറ്റയ്ക്കൊരു സ്ത്രീ; ‘അതിദരിദ്രരില്ലാത്ത’ കേരളത്തിൽ ഇങ്ങനെയും ചില വറ്റാത്ത കണ്ണീരുണ്ട്…

കണ്ണൂർ ∙ ‘വെള്ളിയാഴ്ച രാത്രി പെരുമഴയായതിനാൽ കഞ്ഞിയുണ്ടാക്കാൻ പറ്റിയില്ല. അടുപ്പും വിറകുമൊക്കെ നനഞ്ഞു. ഇപ്പോഴാണു കഞ്ഞിയുണ്ടാക്കിയത്’– ചിറക്കൽ പഞ്ചായത്ത് ആറാംവാർഡിലെ രാഘവൻനഗർ ഉന്നതിയിൽ പനയൻ രോഹിണി ഇതുപറയുമ്പോൾ സമയം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30. അടച്ചുറപ്പില്ലാത്ത, ചോർന്നൊലിക്കുന്ന, മഴ പെയ്താൽ ഭക്ഷണമുണ്ടാക്കാൻപോലും കഴിയാത്തവിധം അടുപ്പണയുന്ന ഒറ്റമുറിവീട്ടിൽ തനിച്ചു താമസിക്കുകയാണ് ഈ 72 വയസ്സുകാരി. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിൽ തന്നെ!മഴ പെയ്താൽ നനയാത്തൊരു അടുപ്പെങ്കിലും ഉണ്ടാക്കിത്തരാമോയെന്ന് രോഹിണി ചോദിക്കാത്ത ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമില്ല. ‘എല്ലാം ശരിയാക്കാം’ എന്ന ഉത്തരം മാത്രമുണ്ട്, നടപടിയില്ല. ഭർത്താവ് സുധാകരൻ 2001ൽ മരിച്ചു. പിന്നീട് തുണയായിരുന്ന സഹോദരി മീനാക്ഷി 8 വർഷം മുൻപും മരിച്ചു. അതോടെ രോഹിണി ഒറ്റയ്ക്കായി. മറ്റു സഹോദരങ്ങൾ മുൻപേ മരിച്ചിരുന്നു. പശുവളർത്തലായിരുന്നു ഉപജീവനമാർഗം. എന്നാൽ വാതം പിടിച്ച് കാൽപത്തി വളഞ്ഞതോടെ അതിനും കഴിയാത്ത സ്ഥിതിയായി. മുറ്റത്തേക്കിറങ്ങാനും താമസിക്കുന്ന മുറിയിൽനിന്ന് 50 മീറ്റർ അകലെയുള്ള ശുചിമുറിയിലേക്ക് പോകാനും നന്നേ പ്രയാസമാണ്.
Source link


