NEWS
ഒന്നിന് വില 800, പാക്കിസ്ഥാനിൽ ആശുപത്രികൾ കേന്ദ്രീകരിച്ച് മറുപിള്ളക്കടത്ത്; ലക്ഷ്യം സൗന്ദര്യവർധക മരുന്ന് നിർമാണം

ഇസ്ലാമാബാദ്∙ സൗന്ദര്യ വർധക കുത്തിവയ്പ് മരുന്ന് നിർമാണത്തിനായി പാക്കിസ്ഥാനിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് മറുപിള്ള കള്ളക്കടത്തെന്ന് റിപ്പോർട്ട്. പ്രായമാകുന്നത് തടയാനുള്ള കുത്തിവയ്പുകളിലാണ് മറുപിള്ള സംസ്കരിച്ച് ഉപയോഗിക്കുന്നത്. ഓരോ മാസവും രാജ്യത്തെ വിവിധ ആശുപത്രികളിൽനിന്നായി 200 കിലോയോളം മറുപിള്ള കടത്തുന്നുണ്ടെന്നും ഇതിനു പിന്നിൽ വലിയൊരു സിൻഡിക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും പാക്ക് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) പറഞ്ഞു. മറുപിള്ള ഉണക്കിയശേഷം സംസ്കരിച്ച് വിദേശത്തേക്ക് കടത്തുകയാണ് സംഘത്തിന്റെ രീതി.ഇസ്ലാമാബാദിൽ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിൽ 500 കിലോയോളം മറുപിള്ളയാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വീടിനുള്ളിൽ ട്രോളികളിൽ അടുക്കിയ ട്രേയിൽ ഉണങ്ങിയ നിലയിൽ മറുപിള്ളകൾ സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും അന്വേഷണസംഘം പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടാതെ, ഇസ്ലാമാബാദ് വിമാനത്താവളത്തിൽനിന്ന് 100 കിലോ മറുപിള്ളയും സംഘം പിടിച്ചെടുത്തു. വിയറ്റ്നാമിലേക്ക് കയറ്റി അയക്കാനിരുന്നവയാണ് പിടികൂടിയത്.
Source link


