NEWS

ഒന്നിച്ചോണം ബസിലോണം, വൈബായി പത്താനാപുരം ബസിലെ ഓണാഘോഷം; സംതിങ് സ്പെഷ്യൽ

ഓണാഘോഷത്തിൽ പങ്കെടുത്ത യാത്രക്കാരിൽ ചിലർ

തിരുവനന്തപുരം: വർഷങ്ങളായി ഒരുബസിൽ ഒന്നിച്ച് യാത്രചെയ്യുന്നവർ ചേർന്ന് ഓണം ആഘോഷിച്ചു. പത്തനാപുരം മുതൽ തിരുവനന്തപുരം വരെയും തിരിച്ചും ഒരുമിച്ച് യാത്രചെയ്യുന്നവരാണ് കഴിഞ്ഞദിസം ഓണം ആഘോഷിച്ചത്. പരസ്പരം അറിയാത്തവരായി എത്തി പിന്നീട് ഒരു കുടുംബംപോലെയായി മാറിയ യാത്രാസംഘം പാട്ടും നൃത്തവും മധുരവിതരണവും നടത്തിയാണ് ഓണം അവിസ്‌മരണീയമാക്കിയത്. കലാപ്രകടനങ്ങൾക്കൊപ്പം ചെറു ഉപഹാരങ്ങളും വിതരണം ചെയ്തു. കൂട്ടായ്മയുടെ വൈബ് ഉൾക്കൊണ്ട് സ്ഥിരം യാത്രക്കാരല്ലാത്തവരും ആഘോഷങ്ങളുടെ ഭാഗമായി.

പുലർച്ചെ 5.30ന് പുറപ്പെടുന്ന ബസ് അലങ്കരിക്കാൻ വനിതകൾ ഉൾപ്പെടെയുള്ള യാത്രക്കാർ അതിരാവിലെ തന്നെ പത്തനാപുരം സ്റ്റാൻഡിലെത്തിയിരുന്നു. ആരുടെയും നിർബന്ധമില്ലാതെ ഓരോരുത്തരും സ്വയം മുന്നിട്ടിറങ്ങിയായിരുന്നു ഓണോഘോഷം സംഘടിപ്പിച്ചത്. ഇതിനുള്ള ചെലവും അവർതന്നെ കണ്ടെത്തി. ക്രിസ്തുമസ്, പുതുവർഷം, ബക്രീദ്, വിഷു തുടങ്ങിയ വിശേഷദിവസങ്ങളും ഇത്തരത്തിൽ ആഘോഷിക്കുന്നുണ്ട്.

വർഷങ്ങൾക്കുമുമ്പാണ് ഈ ബസ് സർവീസ് ആരംഭിച്ചത്. ഞാറയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 5.30ന് പത്തനാപുരത്തുനിന്ന് തുടങ്ങി വെഞ്ഞാറമൂട്, പോത്തൻകോട്, കഴക്കൂട്ട‌ം വഴി സർവീസ് നടത്തുന്ന ബസിലെ ടെക്നാേപ്പാർക്ക് ഉൾപ്പെടയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരാണ് സ്ഥിരം യാത്രക്കാർ. വൈകുന്നേരം 5.15ന് തമ്പാനൂരിൽ നിന്ന് പത്തനാപുരത്തേക്കുള്ള സർവീസിലും ഇവർ തന്നെയാണ് പതിവ് യാത്രക്കാർ.

അതിരാവിലെ ബസ് അലങ്കരിക്കാനെത്തിയ ജീവനക്കാരും യാത്രക്കാരും

യാത്രക്കാരുടെ ലക്ഷ്യസ്ഥാനങ്ങൾ ബസ് ജീവനക്കാർക്കും മനഃപാഠം. സർവീസ് തുടങ്ങുന്നതുമുതൽ കൃത്യമായ അപ്ഡേഷനും നൽകുന്നുണ്ട്. യാത്രക്കാരുടെ ഒത്തൊരുമ നന്നായി മനസിലാക്കിയ ഡിപ്പോ അധികൃതർ സർവീസ് മുടക്കാറില്ല. സ്ഥിരം ബസിന് ഇടയ്ക്കുവച്ച് എന്തെങ്കിലും തകരാറുണ്ടായാൽ സർവീസിനായി മറ്റൊരുബസ് അയച്ചുനൽകും. പകരംവരുന്ന ബസിന്റെ നമ്പർ ഉൾപ്പെടെ ഗ്രൂപ്പിൽ അറിയിപ്പുനൽകാറുമുണ്ട്.

English Summary

Passengers who regularly travel on the Pathanapuram–Thiruvananthapuram bus celebrated Onam together with songs, dance, sweets and gifts. What began as a group of strangers has grown into a close-knit travel family. Passengers decorated the bus and organised the celebration themselves, while bus staff and regular travellers continue to maintain a strong bond.
RELATED TOPICS: PATHANAPURAM BUS ONAM CELEBRATION, PATHANAPURAM ONAM, BUS ONAM CELEBRATION, KERALA ONAM VIRAL, ONAM CELEBRATION KERALA

Read News ⏭️

Back to top button