NEWS
ഒരു വിലയുമില്ലേ? കെഎസ്ആർടിസി വക കോടികൾ വിലമതിക്കുന്ന ഭൂമിയും കെട്ടിടവും സംരക്ഷിക്കാൻ നടപടിയില്ല

മൂന്നാർ ∙ സ്വകാര്യ വ്യക്തികൾ കയ്യേറിയും കാടുകയറിയും നശിക്കുന്ന ദേവികുളം ടൗണിലെ കെഎസ്ആർടിസി വക കോടികൾ വിലമതിക്കുന്ന ഭൂമിയും കെട്ടിടവും സംരക്ഷിക്കാൻ നടപടിയില്ല. താലൂക്കാസ്ഥാനമായ ദേവികുളം ടൗണിലാണ് കെഎസ്ആർടിസി വക ഭൂമിയും പഴയ കെട്ടിടവും കാടുകയറിയും സ്വകാര്യ വ്യക്തികൾ കയ്യേറിയും നഷ്ടപ്പെടുന്നത്. ദേവികുളം ആർഡിഒ ഓഫിസിനു എതിർവശത്താണ് പഴയ കെട്ടിടവും 20 സെന്റ് സ്ഥലവുമുള്ളത്. സംസ്ഥാനത്ത് പൊതുഗതാ ഗത സൗകര്യം ആരംഭിക്കുന്ന കാലം മുതൽ ദേവികുളത്തേക്കും മൂന്നാറിലേക്കും സർക്കാരിന്റെ അധീനതയിൽ ഉണ്ടായിരുന്ന ബസുകൾ സർവീസുകൾ നടത്തിയിരുന്നത് ഇവിടെ നിന്നായിരുന്നു.കെഎസ്ആർടിസി സ്ഥാപിതമാകും മുൻപ് സംസ്ഥാനത്ത് പൊതു ഗതാ ഗതം നടത്തിയിരുന്ന കേരള ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന് അന്നത്തെ മഹാരാജാവ് നൽകിയ 20 സെന്റ് സ്ഥലത്താണ് അന്ന് ദേവികുളം ഡിപ്പോ പ്രവർത്തിച്ചിരുന്നത്. 1982ൽ പഴയ മൂന്നാറിൽ ഡിപ്പോ പ്രവർത്തനമാരംഭിച്ചതോടെയാണ് ദേവികുളത്തെ സ്ഥലവും കെട്ടിടവും ഉപേക്ഷിച്ചത്. കോടികൾ വിലമതിക്കുന്ന ഭൂമിയുടെ ഒരു ഭാഗം ഇതിനോടകം കയ്യേറ്റക്കാർ സ്വന്തമാക്കിക്കഴിഞ്ഞു. വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന ഭൂമി സ്വകാര്യ പങ്കാളിത്തത്തോടെ ഹോളിഡേ ഹോം നിർമിക്കാനായി മൂന്ന് വർഷം മുൻപ് സർക്കാർ ടെൻഡർ വിളിച്ചിരുന്നു. എന്നാൽ തുടർനടപടികൾ ഒന്നുമുണ്ടായില്ല.
Fashion ⏭️


