‘സണ്ണി കപിക്കാടിനെതിരെ ശക്തമായ നിയമനടപടിക്ക് സർക്കാരും ദേവസ്വംബോർഡും തയ്യാറാകണം’: പന്തളം കൊട്ടാരം

സണ്ണി എം കപിക്കാട്
പത്തനംതിട്ട: ശബരിമല അയ്യപ്പനും മാളികപ്പുറത്തമ്മയ്ക്കുമെതിരെ സണ്ണി എം കപിക്കാട് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് പന്തളം കൊട്ടാരം. ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും സഭ്യമല്ലാത്ത ഭാഷയിൽ പരാമർശിച്ച സണ്ണി കപിക്കാടിന്റെ നിരുത്തരവാദപരമായ ജൽപനങ്ങളെ തള്ളിക്കളയുന്നതായി പന്തളം കൊട്ടാരം നിർവാഹകസംഘം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ദൈവനിന്ദ പ്രകടിപ്പിച്ചുകൊണ്ടുള്ള സണ്ണിയുടെ വാക്കുകൾ ഹിന്ദുസമൂഹം മാത്രമല്ല വിശ്വാസി സമൂഹമാകെ വിശ്വസിക്കില്ലെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. സണ്ണിക്കെതിരെ ശക്തമായ നിയമനടപടിക്ക് സർക്കാരും തിരുവിതാംകൂർ ദേവസ്വംബോർഡും തയ്യാറാകണമെന്ന് നിർവാഹക സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു.
സണ്ണി എം കപിക്കാടിനെതിരെ നടപടിവേണമെന്ന് ശബരിമല കർമ്മസമിതിയും ആവശ്യപ്പെട്ടു. അധിക്ഷേപ പരാമർശങ്ങളിൽ സമിതി പ്രതിഷേധം രേഖപ്പെടുത്തി. കേരള സർക്കാരും ദേവസ്വംബോർഡും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നുമാണ് സമിതിയുടെ ആവശ്യം. വിമർശനം എന്ന പേരിൽ ആരാധനാമൂർത്തിയെ അധിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യം ആർക്കും അവകാശപ്പെടാനാവില്ലെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന് ഉത്തരവാദിത്വവും അതിരുകളുമുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു. തിരൂർ മലയാളം സർവകലാശാലയിലെ പരിപാടിക്കിടെയായിരുന്നു സണ്ണി എം കപിക്കാട് വിവാദമായ പ്രസംഗം നടത്തിയത്.


