NEWS

പാണക്കാട്ടെ മണ്ണിടിച്ചിൽ; റിപ്പോർട്ട് തേടി മന്ത്രി, ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി നഗരസഭ

മണ്ണിടിച്ചിൽ

മലപ്പുറം: വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപം പാണക്കാടുണ്ടായ മണ്ണിടിച്ചിലിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം. ഇതുസംബന്ധിച്ച് മന്ത്രി പി കെ ബഷീർ ആണ് കളക്ടർക്ക് നിർദേശം നൽകിയത്. പ്രദേശം ഉടമയ്ക്ക് നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകി.

ഇന്നലെ രാവിലെ എട്ടോടെയാണ് കടലുണ്ടി പുഴയ്ക്ക് സമീപത്തെ കുന്നിന്റെ 10 അടി ഉയരത്തിൽ നിന്ന് ആദ്യം മണ്ണിടിഞ്ഞ് തുടങ്ങിയത്. പൊലീസും ഫയർഫോഴ്സുമെത്തി ഗതാഗതം നിരോധിക്കുകയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് 9.30ഓടെ വൻ മൺകൂനയും മരങ്ങളും റോഡിലേക്ക് പതിക്കുകയായിരുന്നു.

പാണക്കാട് എടായിപ്പാലത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാൻ അശാസ്ത്രീയമായി കുന്നിടിച്ചതാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിർദ്ദേശം നൽകിയിരുന്നു.

മണ്ണിടിച്ചിലിൽ ചാനൽ വീഡിയോഗ്രാഫർക്കും ഡ്രൈവർക്കും പരിക്കേറ്റു. കൈരളി ചാനൽ വീഡിയോഗ്രാഫർ ജയേഷ് വില്ലോടിക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. തലനാരിഴയ്ക്കായിരുന്നു ഇരുവരും രക്ഷപ്പെട്ടത്. ഇവരുടെ ക്യാമറ ട്രൈപോഡ് അടക്കമുള്ളവ കടലുണ്ടി പുഴയിലേക്ക് ഒലിച്ചുപോയി. ഭയന്നോടുന്നതിനിടെ മറ്റുചിലർക്കും പരിക്കേറ്റു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി.

English Summary

A landslide occurred near P.K. Kunhalikutty’s residence in Panakkad, Malappuram, prompting authorities to order an investigation. Residents allege unscientific hill cutting for a shopping complex caused the incident. Traffic was halted, people were evacuated safely, and construction work in the area has been suspended pending inquiry.

Read News ⏭️

Back to top button