NEWS
ചീട്ടുകളി, ഒറ്റനമ്പർ ലോട്ടറി, കഞ്ചാവ് പിന്നെ; അനാശാസ്യ കേന്ദ്രം തേടിയത് വിദ്യാർഥികളും; കേട്ടതിനപ്പുറമാണ് ഈ ‘ഭായി കോളനി’

പുതിയപാടം എന്ന പാടശേഖരമായിരുന്നു ഇന്ന് ഭായി കോളനി അല്ലെങ്കിൽ ബംഗാൾ കോളനി അതുമല്ലെങ്കിൽ കണ്ടന്തറ കോളനി എന്നറിയപ്പെടുന്ന അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലം. പെരുമ്പാവൂരിലെ ലഹരി വിൽപ്പനയും പെൺവാണിഭവുമായി ബന്ധപ്പെട്ട് അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സ്ഥലം. ഏതാനും മാസങ്ങൾക്കു മുമ്പ് ലഹരി വ്യാപനത്തിനെതിരെ നാട്ടുകാർ സംഘടിക്കുകയും കാര്യങ്ങൾ സംഘര്ഷത്തിലേക്ക് എത്തുകയും ചെയ്തതോടെ ഇവിടെ പൊലീസ് ഇടപെടൽ കൂടി. ഇന്ന് ദിവസത്തിൽ 3–4 വട്ടമെങ്കിലും പൊലീസ് ജീപ്പ് ഇതിലേ റോന്ത് ചുറ്റി കടന്നു പോകുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നാളെ പെരുമ്പാവൂരിൽ എത്തുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഭായി കോളനിയും സന്ദർശിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രിക്ക് അതിഥി തൊഴിലാളികളെ അഭിസംബോധന ചെയ്യാനായി കോളനിക്കുള്ളിൽ തന്നെ പ്രത്യേകം സ്റ്റേജ് തയാറാക്കുന്നത് അവസാന ഘട്ടത്തിലാണ്. എന്തുകൊണ്ടാണ് ഭായി കോളനി പ്രത്യേക ശ്രദ്ധാകേന്ദ്രമാകുന്നത്? ഭായി കോളനിയിൽ ഇടപെടൽ നടത്തിയാൽ പെരുമ്പാവൂരും പരിസര പ്രദേശങ്ങളിലുമുള്ള ലഹരി വിൽപ്പനയ്ക്ക് അന്ത്യമാകുമോ? ∙ രണ്ടു പഞ്ചായത്തുകൾ, മറ്റൊരു ലോകം പെരുമ്പാവൂരിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഭായി കോളനി എന്ന പ്രദേശം. പെരുമ്പാവൂർ ടൗണിൽ നിന്ന് 2 കിലോമീറ്ററോളം അകലെ മാവിൻചുവട്–പാലക്കാട്ടുതാഴം ഭാഗത്തു നിന്ന് ഇവിടേക്ക് പ്രവേശിക്കാം. കുന്നത്തുനാട് താലൂക്കിന്റെ ഭാഗമായ ഇവിടം വാഴക്കുളം, വെങ്ങോല പഞ്ചായത്തുകളിലായാണ് സ്ഥിതി ചെയ്യുന്നത്. പ്രധാന റോഡിൽ നിന്ന് 100 മീറ്ററോളം അകത്തേക്ക് കയറുമ്പോൾ ഇടതുഭാഗത്ത് ഇപ്പോഴും വയലാണ്. മുമ്പോട്ടു വരുമ്പോൾ നടുക്ക് ബോക്സുകൾ അടുക്കി വച്ചതുപോലൊരു മൂന്നുനില കെട്ടിടം. കെട്ടിടത്തിന്റെ റോഡിലേക്ക് തുറക്കുന്ന ഭാഗം മുഴുവൻ ശുചിമുറി സംവിധാനങ്ങളാണ്. ആ കെട്ടിടത്തിന്റെ ഇടത്തേക്കും വലത്തേക്കുമായി ചെറിയ രണ്ടു റോഡുകൾ. അതിന്റെ ഒരു മൂലയ്ക്കായി അടുത്തിടെ നാട്ടുകാർ ഉയർത്തിയ സമരപ്പന്തൽ. ഈ രണ്ടു ഭാഗത്തു കൂടിയും ഭായി കോളനിയിലേക്ക് പ്രവേശിക്കാം. ചെറിയ കടകളും താമസ സ്ഥലങ്ങളുമൊക്കെ കടന്നു ചെന്നാൽ വീണ്ടും ഇരു ഭാഗത്തേക്കുമായി വഴി പിരിഞ്ഞു പോകുന്നു. അതിലേ 50 മീറ്റർ അകത്തേക്ക് നടന്നാൽ കോളനി അവസാനിക്കുന്നു. അതിനപ്പുറം പ്രദേശവാസികളുടെ താമസ സ്ഥലങ്ങളാണ്. അവിടം മുതൽ വെങ്ങോല പഞ്ചായത്ത് ആരംഭിക്കുന്നു. തിരികെ സമരപ്പന്തലിന്റെ മുന്നിൽ നിന്ന് ഇടത്തേക്കുള്ള വഴിയിലേക്ക് പ്രവേശിച്ചാൽ നിറയെ മൊബൈൽ കടകളും ചെറിയ ഹോട്ടലുകളുമാണ്. അതിലെയുള്ള വഴിയിലൂടെ 100 മീറ്റർ കടന്നാൽ കോളനി അവസാനിക്കും. അതിനപ്പുറം പ്രദേശവാസികളുടെ താമസസ്ഥലമാണ്. ഈ ഇടത്തേക്കും വലത്തേക്കുമുള്ള വഴികളുടെയും കടമുറികളുടേയും പിൻഭാഗത്തായാണ് 2500നും 4000ത്തിനും ഇടയിൽ മനുഷ്യർ അട്ടിയട്ടതു പോലെ ജീവിക്കുന്നത്.തൊഴിലാളികൾ കൂട്ടത്തോടെ എത്തിയതോടെ ഉല്ലാസങ്ങൾക്കുള്ള മാർഗങ്ങളും തെളിഞ്ഞു വന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇവിടുത്തെ ഒരു കെട്ടിടം കേന്ദ്രീകരിച്ച് ആരംഭിച്ച ചീട്ടുകളി പരിപാടി. വൈകിട്ട് തൊഴിലാളികൾ ജോലി കഴിഞ്ഞെത്തുന്ന ഏഴു മണിക്ക് ആരംഭിച്ച് രാത്രി ഒമ്പതു മണിയോടെ ഇത് അവസാനിക്കും. ഇത്തരത്തിൽ ഒട്ടേറെ തൊഴിലാളികളുെട വരുമാനം ആയിരങ്ങളായി കുമിഞ്ഞ് നടത്തിപ്പുകാരിലെത്തി. ഇതിൽ മലയാളികളും ഇടനിലക്കാരായ തൊഴിലാളികളുമുണ്ടായിരുന്നു. അടുത്ത ഘട്ടമായിരുന്നു ലഹരിയുടെ വരവ്. ഒഡീഷയിൽ നിന്നും ആന്ധ്രയില് നിന്നുമൊക്കെ എത്തുന്ന കഞ്ചാവായിരുന്നു തുടക്കം. ഇതിന്റെ വ്യാപനവും പെട്ടെന്നായിരുന്നു. ഭായി കോളനി കേന്ദ്രീകരിച്ച് ലഹരി വിൽപ്പനയും മുറുകിയതോടെ തൊഴിലാളികളും നാട്ടുകാരുമൊക്കെ ഇവിടേക്ക് എത്തിത്തുടങ്ങി. ലഹരി വ്യാപനത്തിനെതിരെ പോരാടുന്ന ഇവിടുത്തെ സാമൂഹിക പ്രവർത്തകർ ഒറ്റ ശ്വാസത്തിൽ പറയുന്ന കാര്യമുണ്ട് ‘‘ഈ തൊഴിലാളികൾ ഇതിന്റെ വിൽപ്പനക്കാരും അത് ഉപയോഗിക്കുന്നവരുമാണ്. കച്ചവടക്കാരിൽ മലയാളികളുമുണ്ട്. ലഹരി വിൽപ്പനയ്ക്ക് അറസ്റ്റിലാകുന്നവരൊക്കെ ദിവസങ്ങൾക്കുള്ളിലാണ് പുറത്തു വരുന്നത്’’, ലഹരി വിരുദ്ധ പോരാട്ടം സംഘടനയുടെ കൺവീനറും അധ്യാപകനുമായ കെ.എ.നൗഷാദ് പറയുന്നു. അടുത്തിടെ, ഭായി കോളനി കേന്ദ്രീകരിച്ച് ഓൺലൈൻ ആയി ഒറ്റ നമ്പർ ലോട്ടറി ഇടപാടുകളും നടന്നിരുന്നതായി പ്രദേശവാസികൾ പറയുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ മറിഞ്ഞിരുന്നത്.
Source link


