NEWS

ഹല്ലാനിയാത്ത് ദ്വീപിലെ എണ്ണച്ചോർച്ച തീരത്തേക്ക്; നിലയ്ക്കാതെ ഒഴുകുന്നു, ആശങ്ക


മസ്കത്ത് ∙ ദോഫാറിലെ ഹല്ലാനിയാത്ത് ദ്വീപുകൾക്ക് സമീപം കുടുങ്ങിയ കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച വ്യാപിക്കുന്നു. എണ്ണപ്പാട വടക്കുകിഴക്ക് ദിശയിൽ നീങ്ങി ഒമാൻ തീരത്തോട് 7 കിലോമീറ്റർ വരെ അടുത്തെത്തി. അടുത്ത 48 മണിക്കൂറിൽ ഇത് 121 കിലോമീറ്റർ കൂടി നീങ്ങാൻ സാധ്യതയുണ്ട്. എന്നാൽ പൊതുജനസുരക്ഷയ്ക്കും ഡീസാലിനേഷൻ പ്ലാന്റുകൾക്കും നിലവിൽ ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ 6ന് കടലിനടിയിൽ തട്ടി കുടുങ്ങിയ കാമറൂൺ പതാകയുള്ള ‘കരോലിൻ ബെസെൻജി’ ക്രൂഡ് ഓയിൽ ടാങ്കറിൽ നിന്നാണ് ചോർച്ചയുണ്ടായത്. 274 മീറ്ററിലേറെ നീളവും 48 മീറ്റർ വീതിയുമുള്ള കപ്പലാണിത്. ഏറ്റവും പുതിയ നിരീക്ഷണത്തിൽ എണ്ണപ്പാട 390 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചിട്ടുണ്ട്. ഇത് ചോർന്ന എണ്ണയുടെ അളവല്ലെന്നും എണ്ണപ്പാട കണ്ടെത്തിയ കടൽപ്രദേശത്തിന്റെ വിസ്തൃതിയാണെന്നും അധികൃതർ വ്യക്തമാക്കി. കാറ്റും കടൽപ്രവാഹവും അനുസരിച്ച് എണ്ണയൊഴുക്കിന്റെ ദിശയിലും വ്യാപ്തിയിലും മാറ്റമുണ്ടാകാം. കട്ടിയേറിയ ഭാഗങ്ങൾ റാസ് മദ്രകയുടെ പ്രവേശന ഭാഗത്തേക്ക് നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് നിരീക്ഷണം ശക്തമാക്കി. ഉപഗ്രഹചിത്രങ്ങൾ, വിമാന നിരീക്ഷണം, കടൽ പരിശോധന, പരിസ്ഥിതി മാതൃകകൾ എന്നിവ ഉപയോഗിച്ചാണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്. ഇതിനായി വ്യോമനിരീക്ഷണം, കടലിനടിയിലെ ഡൈവിങ് പരിശോധന, ഉപഗ്രഹ നിരീക്ഷണം, സമുദ്ര സർവേ, പരിസ്ഥിതി മാതൃകാ പഠനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ 24 മണിക്കൂറും തുടരുകയാണ്.


Fashion ⏭️

Back to top button