NEWS

വൈകിട്ടൊരു ബൈക്ക് യാത്ര നോറയ്‌ക്ക് നിർബന്ധം  യാത്ര തുടർന്ന് വിഷ്ണുവും വളർത്തുനായയും

കൊച്ചി: വിഷ്ണു ബൈക്കെടുത്താൽ നോറ ഒന്നു നോക്കും. സ്റ്റാർട്ടാക്കിയാൽ അവൾ ഓടിയെത്തി സീറ്റിന് മുന്നിൽ ഇരുപ്പുറപ്പിക്കും. പിന്നെ കാഴ്ചകളിലേക്ക് പോകും. കടവന്ത്ര മുട്ടത്ത് ലെയിൻ കൃഷ്ണകൃപയിൽ എൻ. വിഷ്ണുവിന്റെയും അരുമയായ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ നോറയുടെയും മൂന്നര വർഷമായുള്ള പതിവാണിത്.

വൈകിട്ടുള്ള ബൈക്ക് യാത്ര നോറയ്‌ക്ക് നിർബന്ധമാണ്. പാലാരിവട്ടം, ഇടപ്പള്ളി, കടവന്ത്ര എന്നിവിടങ്ങളിലേക്കാണ് പതിവ് യാത്രകൾ. സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുമ്പോഴും കൂട്ടുകാർ ഒത്തുചേരുന്നിടങ്ങളിലുമെല്ലാം നോറയെയും വിഷ്ണു ഒപ്പം കൂട്ടും. കുടുംബം പോകുന്നിടത്തെല്ലാം നോറയെയും കൊണ്ടുപോകും.

സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ നായക്കുട്ടിയെ വാങ്ങണമെന്ന് വിഷ്ണു ആഗ്രഹിച്ചിരുന്നു. പക്ഷേ കൂടുവയ്ക്കാനുള്ള സ്ഥലപരിമിതി വെല്ലുവിളിയായി. ഒടുവിൽ മകന്റെ ഇഷ്ടത്തിന് റിട്ട. എസ്.ഐ കെ.പി. നന്ദകുമാറും രഞ്ജിനിയും വഴങ്ങി. വിഷ്ണു പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് നോറയെ വീട്ടിലെത്തിച്ചത്. ആദ്യം കാറിലായിരുന്നു സഞ്ചാരം. ഒരു വയസായതോടെ യാത്ര ബൈക്കിലായി.

‘ബൈക്കിൽ നിന്ന് വീഴുമോയെന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ ബൈക്കോടിക്കുന്ന ആളെ ബുദ്ധിമുട്ടിക്കാതെ കൂളായാണ് നോറ ഇരിക്കുക. ഇപ്പോൾ ഭാരം കൂടിയതിനാൽ ബൈക്കിൽ കയറുമ്പോൾ ചെറുതായി താങ്ങിക്കൊടുക്കണം”- വിഷ്ണു പറഞ്ഞു. കാറിൽ മുൻ സീറ്റ് നോറയ്ക്കുള്ളതാണ്. മറ്റാരെങ്കിലും അവിടെ ഇരുന്നാൽ വഴക്കാകും. സീറ്റ് ബെൽറ്റ് ധരിച്ച് എത്രദൂരം വേണമെങ്കും യാത്ര ചെയ്യും.

 കൂടില്ല, ചങ്ങലയും
വീട്ടിലാണ് നാലരവയസുകാരിയായ നോറയുടെ താമസം. കെട്ടിയിടില്ല. ചിക്കനും ചോറും ഡോഗ് ഫുഡ്സുമാണ് ഇഷ്ടം. നിരുപദ്രവകാരിയായ നോറ അയൽവാസികൾക്കും പ്രിയങ്കരിയാണ്. എട്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഇപ്പോൾ വിശ്രമത്തിലാണ് കക്ഷി.

അടുത്തമാസം നോറയ്ക്ക് അഞ്ച് വയസാകും. പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്

എൻ. വിഷ്ണു

Read News ⏭️

Back to top button