NEWS
ഇന്ത്യയും ചൈനയും ഒരുപോലെ, നയതന്ത്ര നിലപാടുകളിൽ മാറ്റം; അംബാസഡർമാരെ കാണാൻ ബാലേന്ദ്ര ഷാ

കാഠ്മണ്ഡു ∙ അയൽരാജ്യങ്ങളായ ഇന്ത്യയുമായും ചൈനയുമായും തുല്യമായ നയതന്ത്ര ബന്ധം നിലനിർത്തുന്നതിനായി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ തന്റെ കർശനമായ നയതന്ത്ര നിലപാടുകളിൽ മാറ്റം വരുത്തുന്നതായി റിപ്പോർട്ട്. വിദേശ അംബാസഡർമാരുമായി വ്യക്തിഗതമായി കൂടിക്കാഴ്ച നടത്തില്ലെന്ന മുൻ തീരുമാനത്തിൽ നിന്നാണ് അദ്ദേഹം പിന്മാറുന്നത്. ഇതിന്റെ ഭാഗമായി ഈ ആഴ്ച തന്നെ ഇരുരാജ്യങ്ങളുടെയും അംബാസഡർമാരുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ചകൾ നടത്തും. ഇന്ത്യയെയും ചൈനയെയും നേപ്പാൾ ഒരുപോലെയാണ് കാണുന്നത് എന്ന ശക്തമായ സന്ദേശം നൽകുന്നതിനായി, ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ, ചൈനീസ് അംബാസഡർ ഷാങ് മാവോമിങ് എന്നിവരുമായി ഒരേ ദിവസം തന്നെയായിരിക്കും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ബാലേന്ദ്ര ഷാ സർക്കാർ അധികാരമേറ്റ് 100 ദിവസങ്ങൾ പിന്നിട്ടതിനു പിന്നാലെയാണ് നിർണായക നീക്കം. യുവജന മുന്നേറ്റത്തിലൂടെ കഴിഞ്ഞ മാർച്ച് 27നാണ് ബാലേന്ദ്ര ഷാ നേപ്പാൾ പ്രധാനമന്ത്രിയായി അധികാരമേറ്റത്. പരമ്പരാഗത നയതന്ത്ര ശൈലികളിൽ നിന്ന് വ്യത്യസ്തമായി, വിദേശ നയതന്ത്രജ്ഞരുമായി തനിച്ചുള്ള കൂടിക്കാഴ്ചകൾ അദ്ദേഹം പൂർണമായും ഒഴിവാക്കിയിരുന്നു. പകരം കാഠ്മണ്ഡുവിലെ വിദേശ അംബാസഡർമാരുമായി രണ്ട് തവണ സംയുക്ത കൂടിക്കാഴ്ചകൾ മാത്രമാണ് അദ്ദേഹം നടത്തിയത്. പുതിയ പ്രധാനമന്ത്രി അധികാരമേറ്റാൽ ദിവസങ്ങൾക്കകം വിദേശ അംബാസഡർമാരെ വ്യക്തിപരമായി ഓഫിസിലോ ഔദ്യോഗിക വസതിയിലോ സ്വീകരിക്കുന്നതായിരുന്നു നേപ്പാളിലെ നാട്ടുനടപ്പ്.
Fashion ⏭️


