NEWS

കണ്ടാൽ മതി, പൂ പറിച്ചാൽ ജയിലിലാകും; ഓഗസ്റ്റ് 24 മുതൽ നീലക്കുറിഞ്ഞി കാണാൻ അവസരം, ടിക്കറ്റ് നിരക്ക്, സമയം..


രാജകുമാരി∙ ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് നീലക്കുറിഞ്ഞി കാണാം. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ–ബോഡിമെട്ട് റോഡിൽ ദേവികുളത്തെ വനം വകുപ്പ് റേഞ്ച് ഓഫിസിന് സമീപമാണ് പ്രവേശന കവാടം. വനം വകുപ്പിന്റെ വെബ് സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങ് സൗകര്യം ഉടൻ ആരംഭിക്കും. മുതിർന്നവർക്ക് 200 രൂപയും 18 വയസ് വരെ പ്രായമുള്ളവർക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ 7 മുതൽ വൈകിട്ട് 4 വരെയാണ് സന്ദർശന സമയം. മൂന്നാറിൽ നിന്ന് ദേവികുളത്തേക്ക് സഞ്ചാരികൾക്കായി കെഎസ്ആർടിസി സർവീസ് ആരംഭിക്കും. സഞ്ചാരികൾക്ക് സ്വകാര്യ, ടാക്സി വാഹനങ്ങൾ മൂന്നാറിൽ പാർക്ക് ചെയ്ത ശേഷം ബസിൽ ദേവികുളത്തേക്ക് വരാം. ഇങ്ങനെ മേഖലയിലുണ്ടാകാൻ സാധ്യതയുള്ള ഗതാഗത തിരക്ക് ഒഴിവാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ചാെക്രമുടിയിൽ സെപ്റ്റംബർ ആദ്യവാരത്തോടെ മലനിരകൾ പൂർണമായും വയലറ്റ് പട്ട് വിരിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഓണാവധിയുടെ സമയത്തായിരിക്കും ഏറ്റവും കൂടുതൽ കുറിഞ്ഞികൾ ഒരുമിച്ച് പൂക്കുന്നത്. അതേ സമയം പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരത്തിലുള്ള മീശപ്പുലിമലയിൽ നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികൾ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. മീശപ്പുലിമലയിൽ നിലവിൽ ഒറ്റപ്പെട്ട നിലയിൽ മാത്രമാണ് കുറിഞ്ഞി ചെടികൾ പൂവിട്ടതെന്നാണ് കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) അധികൃതർ പറയുന്നത്. കെഎഫ്ഡിസിയുടെ നിയന്ത്രണത്തിലുള്ള മേഖലയാണ് മീശപ്പുലിമല. ഇവിടെ നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ടതിന് ശേഷമേ സഞ്ചാരികൾക്കായി തുറന്നു നൽകൂ. മീശപ്പുലിമലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ആദ്യഘട്ടത്തിൽ പ്രതിദിനം 750 സഞ്ചാരികളെ മാത്രം അനുവദിക്കാനാണ് നീക്കം. യാത്രയും ഭക്ഷണവും ഉൾപ്പെടെ ഒരാൾക്ക് 1200 രൂപ ടിക്കറ്റ് ഇൗടാക്കുമെന്നാണ് വിവരം. ചാെക്രമുടിയും മീശപ്പുലിമലയും കൂടാതെ ഇടലിമേടും ഇൗ വർഷം നീലക്കുറിഞ്ഞി പൂവിടും.


Fashion ⏭️

Back to top button