NEWS

മുത്തങ്ങയിൽ പൊലീസുകാരെ ആക്രമിച്ച കേസ്; എം.ഗീതാനന്ദനുൾപ്പെടെ നാലു പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു


കൊച്ചി∙ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പെടെയുള്ള നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. വിചാരണക്കോടതി ഇവർക്കുവിധിച്ച 5 വർഷത്തെ ശിക്ഷയാണ് മരവിപ്പിച്ചത്. നാലു പ്രതികൾക്കും ജയിലിൽനിന്ന് പുറത്തിറങ്ങാമെന്നും കോടതി വ്യക്തമാക്കി.പൊലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാം, ഫോറസ്റ്റർ ശശിധരൻ എന്നിവരെ ആക്രമിച്ച കേസിലാണ് ഗീതാനന്ദൻ ഉൾപ്പെടെ നാലു പേരെ വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ഹര്‍ജിക്കാർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. 2003 ജനുവരി 5നാണ് മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ആരംഭിക്കുന്നത്. ഗോത്രമഹാസഭ പ്രവർത്തകർ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ അതിക്രമിച്ചു കയറി ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുകയും കുടിലുകൾ കെട്ടി കൃഷി ആരംഭിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. 2003 ഫെബ്രുവരി 19ന് കുണ്ടൻവയലിൽ ഒഴിപ്പിക്കാനെത്തിയ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും പ്രതികൾ ആക്രമിച്ചതായും ഇതിനിടയിൽ വിനോദ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും അബ്ദുൽ സലാം, ശശിധരൻ എന്നിവർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.


Fashion ⏭️

Back to top button