NEWS

അച്ഛൻ മകനെ കൊലപ്പെടുത്തിയ സംഭവം: മകന്റെ ശല്യം മൂലം മാതാപിതാക്കൾ അന്തിയുറങ്ങിയത് ബന്ധുവീട്ടില്‍


മൂന്നാർ∙ ജസ്റ്റിൻ ജോയിയുടെ ഉപദ്രവം സഹിക്കവയ്യാതെ രണ്ടു ദിവസമായി വീടുവിട്ട് സമീപത്തുള്ള ബന്ധുവീട്ടിലാണു മാതാപിതാക്കൾ അന്തിയുറങ്ങിയത്. ശല്യം സഹിക്കവയ്യാത്ത സാഹചര്യത്തിൽ മകനെ ഡി–അഡിക്‌ഷൻ സെന്ററിൽ എത്തിച്ചു ചികിത്സ നൽകാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക്– ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾക്കൊപ്പം ഇവർ മൂന്നാർ സ്റ്റേഷനിൽ എത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ചൊവ്വാഴ്ച ഉണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ലെന്ന് ജനപ്രതിനിധികൾ പറഞ്ഞു. ഇതോടെ ദമ്പതികൾ വീണ്ടും ബന്ധുവീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. ഇന്നലെ രാവിലെ വസ്ത്രങ്ങൾ എടുക്കുന്നതിനു വേണ്ടി ഷാന്റി വീട്ടിലേക്കു പോയി. എന്നാൽ തിരികെ വരാൻ വൈകിയതോടെ ജോയി അന്വേഷിച്ചെത്തിയപ്പോൾ മകൻ വീട്ടിലുണ്ടായിരുന്നു. തുടർന്നുണ്ടായ വാക്കേറ്റവും കയ്യാങ്കളിയുമാണ് ജസ്റ്റിന്റെ മരണത്തിൽ കലാശിച്ചതെന്നാണു ബന്ധുക്കൾ പറയുന്നത്.നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് ജോയി, താൻ വിഷം കഴിച്ചതായി അറിയിച്ചത്. ഉടൻ ജോയിയെ അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നാർ ഡിവൈഎസ്‌പി പി.എം.ബൈജു, സർക്കിൾ ഇൻസ്‌പെക്ടർ ജെ.ബിനോദ് കുമാർ എന്നിവർ സ്ഥലത്തെത്തി. മൂന്നാർ പൊലീസ് സ്റ്റേഷനിലെ ഒട്ടേറെ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട ജസ്റ്റിൻ.


Fashion ⏭️

Back to top button