NEWS
അഗ്നിരക്ഷാ ജീവനക്കാരനും ശ്വാസംമുട്ടി; ജീവൻ രക്ഷിക്കാൻ ജീവൻ പണയംവച്ച് വിശ്വനാഥൻ

കോഴിക്കോട് ∙ മൂട്ടോളിയിൽ ഫലാഹ് പ്ലാസയിലെ നിർമാണത്തിലുള്ള ജലസംഭരണിയിൽ ഇറങ്ങി ശ്വാസം മുട്ടി തൊഴിലാളി മരിച്ച സംഭവത്തിനിടയാക്കിയത് ഗുരുതരമായ സുരക്ഷാ വീഴ്ച. 10,000 ലീറ്റർ ജലം സംഭരിക്കുന്ന ടാങ്ക് പൂർണമായും കോൺക്രീറ്റ് ചെയ്തു സ്ലാബിട്ട് മൂടിയതാണ്. ടാങ്കിലേക്ക് ഇറങ്ങാൻ രണ്ടു ആൾനൂഴിയുണ്ട്. ഒന്ന് ഒന്നര അടി ചുറ്റളവുള്ളതും രണ്ടാമത്തേത് രണ്ടടിയുള്ളതും. ഒരു മാസം മുൻപ് ടാങ്കിനു മുകളിൽ കോൺക്രീറ്റ് സ്ലാബ് നിർമിച്ച് മണ്ണിട്ടു മൂടിയതാണ്. ഇന്നലെ ടാങ്കിന് അകത്തെ പലകയും മുളയും പുറത്തേക്ക് മാറ്റാനാണ് സുരക്ഷാ ക്രമീകരണങ്ങളോ ബന്ധപ്പെട്ട എൻജിനീയറോ കരാറുകാരനോ ഇല്ലാതെ തൊഴിലാളികൾ ഇറങ്ങിയത്.ടാങ്കിനു മുകളിൽ ചെറിയ ആൾനൂഴിക്ക് മുകളിലെ മണ്ണുമാറ്റി മൂടി തുറന്നപ്പോൾ തന്നെ അസഹ്യമായ രൂക്ഷ ഗന്ധം ഉണ്ടായതായി സ്ഥലത്തെ തൊഴിലാളികൾ പറഞ്ഞു. ടാങ്കിൽ ഇറങ്ങാൻ ഏണി പോലുമില്ലായിരുന്നു. ഒന്നര മീറ്റർ പലകയിൽ രണ്ടു മരക്കഷണം ഘടിപ്പിച്ച് ടാങ്കിൽ ഇറക്കി വച്ചാണ് രണ്ടു പേരും ഇറങ്ങിയത്. അപകടം ഉണ്ടായാൽ പെട്ടെന്ന് പുറത്തു കടക്കാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. എന്നാൽ, ടാങ്കിനു മുകളിലെ മറ്റൊരു ഭാഗത്ത് സ്ലാബിൽ രണ്ടടി സമചതുരമുള്ള ആൾനൂഴി ഉണ്ടെങ്കിലും ഇതു തുറക്കാതെയാണ് തൊഴിലാളികൾ ചെറിയ ആൾനൂഴിയിലൂടെ ഇറങ്ങിയത്. ഒരു മൂടി തുറന്ന ഉടനെ ഇരുവരും ടാങ്കിൽ ഇറങ്ങിയതിനാലാണ് അപകടം ഉണ്ടായതെന്നാണ് അഗ്നിരക്ഷാസേനയും പൊലീസും പറയുന്നത്. തൊഴിലാളികൾ സൈറ്റ് സൂപ്പർവൈസർ എത്തും മുൻപ് ടാങ്കിനു പുറത്തെ ഒരു ഭാഗത്തെ മണ്ണു മാത്രം മാറ്റി ചെറിയ ആൾനൂഴി തുറന്ന് ഇതുവഴി ഇറങ്ങിയതാണ് അപകടം ഉണ്ടാകാൻ കാരണമെന്ന് നിർമാണ ചുമതലയുള്ള എൻജിനീയർ കെ.ജലീൽ പറഞ്ഞു.ജോലിക്കാർ എത്തിയത് മക്കടയിലെ പണി തീർത്ത ശേഷം ഇന്നലെ രാവിലെ മക്കടയിൽ ഒരു ജലസംഭരണിക്കായി തയാറാക്കിയ കോൺക്രീറ്റ് സ്ലാബിന്റെ പലക പൊളിച്ച ശേഷമാണ് പാലത്ത് പുതുക്കുടി പൊയിൽ സിറാജും കെ.പി.മജീദും കുരുവട്ടൂർ സ്വദേശി സുനിൽ കുമാറും മൂട്ടോളിയിൽ എത്തിയത്. 11.30 ന് ആണ് ഇവർ ഇവിടെ വന്നത്. രണ്ടിടത്തെയും പലക പൊളിക്കലായിരുന്നു ഇവരുടെ ഇന്നലത്തെ ജോലി. സംഭരണിയുടെ ഒരു ഭാഗത്തെ ആൾനൂഴിയിലൂടെ സിറാജ് അകത്തേക്ക് ഇറങ്ങി. ദേഹാസ്വസ്ഥ്യം ഉണ്ടായ ഉടനെ രക്ഷപ്പെടുത്താനായി സുനിൽ കുമാറും ഇറങ്ങി. ഈ സമയം പുറത്തു നിന്ന മജീദ് സമീപത്തെ ഓട്ടോ ഡ്രൈവർമാരെ വിവരം അറിയിച്ചു. അവരെത്തി ഏറെ ബുദ്ധിമുട്ടി സുനിൽ കുമാറിനെ പുറത്തെത്തിക്കുകയായിരുന്നു. അപ്പോഴേക്കും മജീദ് സംഭരണിക്ക് അകത്ത് കുഴഞ്ഞു വീണിരുന്നു.
Fashion ⏭️


