NEWS

കടലിലൂടെയുള്ള തുരങ്കത്തിൽ കാർ കത്തിനശിച്ചു; വാഹനങ്ങൾ തുരങ്കത്തിൽ കുടുങ്ങിയതോടെ പലരും ഇറങ്ങിയോടി


മുംബൈ ∙ തീരദേശപാതയിൽ കടലിലൂടെയുള്ള തുരങ്കത്തിലൂടെ ഓടവേ കാറിനു തീപിടിച്ചതു പരിഭ്രാന്തി പരത്തി. തീപിടിച്ച കാറിനു പിന്നാലെയുണ്ടായിരുന്ന വാഹനങ്ങൾ തുരങ്കത്തിൽ കുടുങ്ങി. പലരും വാഹനം ഉപേക്ഷിച്ച് ഇറങ്ങിയോടി; ആളപായമില്ല. 20 മിനിറ്റിനു ശേഷമാണു തീയണയ്ക്കാനായത്. 45 മിനിറ്റിനു ശേഷം ഗതാഗതം പുനരാരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും അധികൃതർ വ്യക്തമാക്കി. ഹാജി അലിയിൽ നിന്നു വർളി ദിശയിലേക്കുള്ള തുരങ്കത്തിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. ഭയാനകമായ അനുഭവമായിരുന്നന്നു ദൃക്‌സാക്ഷികളിലൊരാൾ പ്രതികരിച്ചു. ‘ഒരു കാറിനു തീപിടിച്ചതും ഗതാഗതം സ്തംഭിച്ചു; അതോടെ, ഒട്ടേറെ വാഹനങ്ങൾ കുടുങ്ങി. തീയും പുകയും ഉയർന്നതോടെ പലരും പേടിച്ചു, കാറുകൾ ഉപേക്ഷിച്ച് ഓടി. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുള്ള ദുരന്തരംഗങ്ങളാണു മനസ്സിലേക്കു കടന്നുവന്നത്’– തീപിടിത്തം നടക്കുമ്പോൾ തുരങ്കത്തിലുണ്ടായിരുന്ന ഫെഡറേഷൻ ഓഫ് റീട്ടെയ്ൽ ട്രേഡേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് വിരേൻ ഷാ പറഞ്ഞു.


Fashion ⏭️

Back to top button