NEWS
ഒരു ലക്ഷം പേർക്ക് സിപിആർ പരിശീലനം; ‘മിഷൻ 100കെ’ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഒരു ലക്ഷം പേർക്ക് സിപിആർ പരിശീലനം നൽകുന്ന സംസ്ഥാനതല ബോധവൽക്കരണ പദ്ധതി ‘മിഷൻ 100കെ’ ആരോഗ്യമന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നടന്ന ചടങ്ങിൽ മന്ത്രി ഒ.ജെ.ജനീഷും ഭാഗമായി. വിസ്ഡം 4 ഫ്യൂച്ചർ ഇനിഷ്യേറ്റീവിന് കീഴിൽ വിസ്ഡം ഡെവലപ്മെന്റ് ഫൗണ്ടേഷനും ആസ്റ്റർ മെഡിസിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 14 ജില്ലകളിലായി 12 മാസം നീണ്ടുനിൽക്കുന്ന പദ്ധതി, കേരള പൊലീസ്, കെഎസ്ആർടിസി, കൊച്ചി മെട്രോ, റെയിൽവേ ജീവനക്കാർ, വിദ്യാർഥികൾ, അധ്യാപകർ, ഐടി പ്രഫഷനലുകൾ എന്നിവരുൾപ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരും.ഹൃദയസ്തംഭനം സംഭവിക്കുമ്പോൾ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന കാർഡിയോ പൾമണറി റെസസിറ്റേഷൻ (സിപിആർ) പരിശീലനം കൊച്ചി ആസ്റ്റർ മെഡിസിറ്റിയുടെ നേതൃത്വത്തിലാണ് നൽകുന്നത്. ആസ്റ്ററിന്റെ ‘ബി ഫസ്റ്റ്’ പദ്ധതിയുടെ ഭാഗമായി വിദഗ്ധ പരിശീലകരാണ് നേതൃത്വം നൽകുന്നത്. പൊതുജനങ്ങൾക്കും വിവിധ സർക്കാർ വകുപ്പുകൾക്കും പരിശീലനം നൽകി, അടിയന്തര ഘട്ടങ്ങളിൽ ആദ്യ പ്രതികരണം സാധ്യമാക്കുന്ന സമൂഹം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഹൃദയസ്തംഭനം സംഭവിക്കുന്ന വ്യക്തിക്ക് ആദ്യ 4 മിനിറ്റിനുള്ളിൽ സിപിആർ ലഭിച്ചാൽ അതിജീവന സാധ്യത ഗണ്യമായി വർധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങളിൽ ബഹുഭൂരിപക്ഷത്തിനും ഈ അടിസ്ഥാന ജീവൻരക്ഷാ വൈദഗ്ധ്യം ഇല്ല എന്ന വിടവ് നികത്തി, എല്ലായിടത്തും ജീവൻ രക്ഷിക്കാൻ അറിയാവുന്ന ഒരാളെങ്കിലും ഉണ്ടാകണം എന്ന കാഴ്ചപ്പാടോടെയാണ് മിഷൻ 100കെ രൂപകൽപന ചെയ്തിരിക്കുന്നത്.
Fashion ⏭️


