NEWS

കോളജ് ആർഎസ്എസിനെ നേരിടാൻ; പിരിച്ച കോടികൾ കാണാനില്ല, സിപിഎമ്മിനെ വെട്ടിലാക്കി വീണ്ടും തിരിമറി


കണ്ണൂർ ∙ അടിമുടി ശുദ്ധീകരണവും തെറ്റുതിരുത്തലും പ്രഖ്യാപിച്ചു നീങ്ങുന്ന സിപിഎമ്മിനു പ്രഹരമായി മറ്റൊരു സാമ്പത്തിക തിരിമറികൂടി പുറത്തേക്ക്. ഇരിട്ടിയിൽ കോളജ് സ്ഥാപിക്കാൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ പിരിച്ച കോടികൾക്കു കണക്കില്ല. ആർഎസ്എസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനത്തിനു ബദലായി കോളജ് തുടങ്ങാൻ ധനസമാഹരണം നടത്തി 10 വർഷം പിന്നിട്ടിട്ടും സ്ഥാപനം യാഥാർഥ്യമാകുകയോ കോളജിന് അനുയോജ്യമായ സ്ഥലം വാങ്ങുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ വിഷയം ചർച്ചയായിരുന്നു. അതിനു മുൻപ് പരാതി ജില്ലാ നേതൃത്വത്തിനു മുന്നിലെത്തിയെങ്കിലും രണ്ടംഗ കമ്മിഷൻ അന്വേഷിച്ചതല്ലാതെ തുടർനടപടി ഉണ്ടായില്ലെന്നാണു പുറത്തുവരുന്ന വിവരം. സാധാരണക്കാർ മുതൽ സമ്പന്നർ വരെ ഇതിൽ പണം മുടക്കിയിട്ടുണ്ട്.നോർത്ത് മലബാർ എജ്യുക്കേഷനൽ സൊസൈറ്റിയെന്ന പേരിലാണ് 2015ൽ ഇരിട്ടി കേന്ദ്രമായി ട്രസ്റ്റ് റജിസ്റ്റർ ചെയ്തത്. അന്നത്തെ ഇരിട്ടി സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണിത്. പാർട്ടിയുടെ സംഘടനാ സംവിധാനം ഉപയോഗിച്ചായിരുന്നു പിരിവ്. എജ്യുകെയർ അക്കാദമി സ്ഥാപിക്കാൻ 2017 മാർച്ച് 18ന് ഇരിട്ടിയിൽ വേദിയൊരുക്കി കെട്ടിട ശിലാസ്ഥാപനവും ഷെയർ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും നടത്തി. ഇരിട്ടി ടൗണിൽ സ്ഥലത്തിന് അഡ്വാൻസ് നൽകിയിട്ടുണ്ടെന്നു പറഞ്ഞാണ് പരിപാടി നടത്തിയത്. വർഷങ്ങൾ പിന്നിട്ടിട്ടും പിരിച്ച പണത്തിന്റെ കണക്ക് പുറത്തുവിട്ടിട്ടില്ല. ട്രസ്റ്റ് സ്വന്തം പേരിൽ ഭൂമി വാങ്ങിയതായും വിവരമില്ല.


Fashion ⏭️

Back to top button