BUSINESS
പ്രധാനമന്ത്രിയുടെ ‘വായ്പ’; 42 പേരുടെ ‘കൃഷി’; സൂപ്പർമാർക്കറ്റും, വരുമാനം ലക്ഷങ്ങൾ, ഇനി ഓൺലൈനിലേക്ക്, ഈ മാവേലിക്കരക്കാർ സൂപ്പറാ

ഒന്നിച്ചു നിന്നാൽ കേരളത്തിൽ കൃഷി ലാഭകരമായി മുന്നോട്ട് കൊണ്ടു പോകാം എന്നു തെളിയിക്കുകയാണ് 42 കർഷകർ ചേർന്നു രൂപീകരിച്ച സമൃദ്ധി എന്ന കർഷക കൂട്ടായ്മ. ഒരുലക്ഷം രൂപ വീതം ഷെയറെടുത്തു പതിനഞ്ചുപേർ പ്രെമോട്ടെർമാരായുള്ള ഒരു ഫാർമർ പ്രോഡ്യൂസർ കമ്പനി (FPO/FPC) ആണ് ഓണാട്ടുകര സമൃദ്ധി എഫ്പിഒ. ബാക്കി അംഗങ്ങൾ എല്ലാം കർഷകരാണ്. 2,000 മുതൽ 10,000 രൂപവരെയുള്ള ഓഹരികളാണ് ഇവർ എടുത്തിരിക്കുന്നത്. കമ്പനിയായി റജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥാപനത്തിൽ സർക്കാർ /സർക്കാതിര സർവീസിൽനിന്നു റിട്ടയർ ചെയ്തവരുമുണ്ട്. വിവിധതരം കാർഷികവൃത്തികൾ സമൃദ്ധി എഫ്പിസി ഏറ്റെടുത്തു ചെയ്യുന്നു. അഞ്ചേക്കർ സ്ഥലം 10 വർഷത്തേക്കു ലീസിനെടുത്ത് സംഘം നേരിട്ടു കൃഷി നടത്തുന്നു. വാഴ, കപ്പ, ചേന, ചേമ്പ്, പയർ, എള്ള്, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പ്രധാന വിളകൾ. ചെയർമാൻ മോഹനചന്ദ്രരാജിന്റെ പത്നിയുടെ സ്ഥലം ഇവർ ലീസിനു നൽകിയിരിക്കുന്നത് ഒരു സാമൂഹിക-കർഷക സേവനം എന്ന നിലയിലാണ്. എള്ളുകൃഷിയും അതിൽനിന്നുള്ള എള്ളെണ്ണയുമാണ് ഏറ്റവും ശ്രദ്ധിക്കുന്ന മേഖല. കേരളത്തിൽ എള്ളിന്റെ കൃഷി വളരെ കുറവായതിനാൽ നല്ല എള്ളെണ്ണയുടെ ലഭ്യതയും കുറവാണ്. ഓണാട്ടുകര എള്ളിന് ജിഐ (ജോഗ്രഫിക്കൽ ഐഡൻഡിഫിക്കേഷൻ) ലഭിച്ചിട്ടുള്ളതിനാൽ ഇവർക്ക് മികച്ച വിപണിയും നല്ല ലാഭവും കിട്ടുന്നു. ലാഭം ഉറപ്പാക്കാന് മൂല്യവർധന കൂട്ടായ്മയിലെ കർഷകരുടെ കാർഷികവിളകളും എഫ്പിഒ നേരിട്ടു കൃഷി ചെയ്തെടുക്കുന്ന ഉൽപന്നങ്ങളും സംസ്കരിച്ചു മൂല്യവർധിതമാക്കിയാണ് വിൽക്കുന്നത്. അതിനാൽ മികച്ച വില ഉറപ്പാക്കാനാകുന്നു. ഉൽപന്നങ്ങളിൽ എള്ളണ്ണയ്ക്കാണ് ഒന്നാം സ്ഥാനം. വെളിച്ചെണ്ണ, മഞ്ഞൾപ്പൊടി, ചുക്ക്, തവിട് ചേർന്ന അരി എന്നിവയാണ് മറ്റ് പ്രധാന ഉൽപന്നങ്ങൾ. 100%, 60%, 50% എന്നിങ്ങനെ തവിടു ചേർന്ന വ്യത്യസ്ത അനുപാതത്തിലുള്ള അരി ഇവിടെ ലഭ്യമാണ്. സ്വന്തം കൊപ്രയ്ക്കു പുറമെ പുറത്തുനിന്നു തേങ്ങ സംഭരിച്ച് കൊപ്രയാക്കിയും വെളിച്ചെണ്ണ നിർമിക്കുന്നു. പുറത്തുനിന്നു മുളക് ഒന്നിച്ചു വാങ്ങി കഴുകി ഉണക്കി പൊടിച്ച് നല്ല ഗുണനിലാവാരത്തോടെ വിൽക്കുന്നതിനാൽ നല്ല ഡിമാൻഡാണ്. മികച്ച രീതിയിൽ മത്സ്യകൃഷിയും നടത്തിവരുന്നു. കഴിഞ്ഞ വിളവെടുപ്പ് ഏറെ മികച്ചതായിരുന്നു എന്നാണ് മോഹനചന്ദ്രരാജ് പറയുന്നത്. കഴുകാനും ഉണക്കാനും പൊടിക്കാനും പായ്ക്ക് ചെയ്യാനുമുള്ള മെഷിനറികൾ സ്ഥാപനത്തിലുണ്ട്. ലീസിനെടുത്ത സ്ഥലത്തു നിർമിച്ച കെട്ടിടത്തിലാണ് ഇത്തരം പ്രവർത്തനങ്ങളെല്ലാം.
Travel ⏭️


