NEWS
വിഴിഞ്ഞത്തോളം ആഴമുള്ള പുത്തൻ കപ്പൽപ്പാത? കള്ളമെന്ന് ഇറാൻ; ‘ഡി-ഡേയിൽ’ ഇന്ത്യയടക്കം 9 രാജ്യങ്ങൾ, തളർച്ച സമ്മതിച്ചു, ചർച്ച വേണമെന്ന് പെസെഷ്കിയാൻ

ഒമാന്റെ തീരത്തോടു ചേർന്ന് ഉപയോഗിക്കാതെ കിടന്ന കടൽ ഇടനാഴി. ഹോർമുസ് കടലിടുക്ക് അമേരിക്കയും ഇറാനും തമ്മിലെ സംഘർഷം മൂലം കപ്പലുകൾക്ക് ഏതാണ്ട് ‘ബാലികേറാമല’ ആയതോടെ, ഈ പഴഞ്ചൻ ഇടനാഴി പുതുക്കിയെടുക്കുകയാണ് യുഎസ്. ഈ ഭാഗത്തെ ആഴംകൂട്ടൽ നടപടികൾ തകൃതിയാണെന്ന് യുഎസ് മാധ്യമമായ ‘മോഴ്സ് റിപ്പോർട്ട്’ ആണ് സാറ്റലൈറ്റ് ചിത്രങ്ങളോടെ റിപ്പോർട്ട് ചെയ്തത്. 28 മീറ്ററാണ് ഇവിടെ ആഴം. ചരക്കുനീക്കത്തിൽ ഇന്ത്യയുടെ തന്നെ തുറുപ്പുചീട്ടാകുമെന്ന് പ്രതീക്ഷിക്കുന്ന കേരളത്തിന്റെ വിഴിഞ്ഞം തുറമുഖത്തെ ആഴത്തിന് ഏതാണ്ട് തുല്യം.ഒമാന്റെ മുസന്ദം ദ്വീപിന്റെ (Musandam Island) സാന്നിധ്യമുള്ളതിനാലും ചെരിവുള്ള പ്രദേശമായതിനാലും ഇറാനിയൻ സൈന്യത്തിന്റെ കണ്ണിൽ ഈ പാത പെടില്ലെന്നാണ് കരുതുന്നതെന്നും റിപ്പോർട്ടിലുണ്ട്. 488 വീതിയുള്ള കപ്പൽപ്പാതയാണിത്. വെരി ലാർജ് ക്രൂഡ് കാരിയറുകൾക്ക് (വിഎൽസിസി) അടക്കം ലോകത്തെ ഏത് വമ്പൻ കപ്പലുകൾക്കും കടന്നുപോകാവുന്ന ആഴവും വീതിയും. ഹോർമുസ് പ്രതിസന്ധി നീണ്ടാൽ വാണിജ്യക്കപ്പലുകൾക്ക് ഈ പാത പ്രയോജനപ്പെടുത്താനാകുമെന്നും റിപ്പോർട്ട് പറയുന്നു. അമേരിക്കയോ ഒമാനോ പുതിയ പാതയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.അതേസമയം, ഇറാനെതിരെ കൂടുതൽ കടുപ്പൻ സാമ്പത്തിക ഉപരോധങ്ങൾ കൊണ്ടുവരാൻ തയാറെടുക്കുകയാണ് യുഎസ്. ഈജിപ്തിന്റെ ബാങ്ക് മിസ്ർ ബാങ്കിന്റെ (Banque Misr UAE) യുഎഇ ശാഖയ്ക്ക് ഉപരോധം ഏർപ്പെടുത്താനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്. ഇറാനെതിരായ ട്രംപിന്റെ ‘ഇക്കണോമിക് ഡി-ഡേ’ നീക്കത്തിൽ പ്രധാനമായും തിരിച്ചടി നേരിടുക ഇന്ത്യയടക്കം 9 രാജ്യങ്ങളാണ്.
Fashion ⏭️


