NEWS
‘മീനാക്ഷി’ മടങ്ങുന്നു, സാധാരണ ജീവിതത്തിലേക്ക്; മണ്ണുനീക്കം പുരോഗമിക്കുന്നു

മീനാക്ഷി ∙ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ മീനാക്ഷി മേഖലയും പരിസര പ്രദേശങ്ങളും പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ചൂരൽമലയിൽ നിന്നു മേപ്പാടി ഭാഗങ്ങളിലെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികളെ എത്തിക്കുന്നതിനായി ഇന്നലെ സ്കൂൾ ബസുകൾ, കെഎസ്ആർടിസിയുടെ സ്പെഷൽ സർവീസുകൾ എന്നിവ മീനാക്ഷി പാലം വഴി കടന്നുപോയി. ചൂരൽമലയിൽ നിന്നു മേപ്പാടി ഭാഗത്തേക്ക് കൂടുതൽ ജീപ്പ് സർവീസുകളും ഇന്നലെ നടത്തി. പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ആളുകളെ സുരക്ഷിതമായി കടത്തിവിടുന്നതിനായി അഗ്നിശമന സേന, പൊലീസ് ഉദ്യോഗസ്ഥർ, കമ്പനി പ്രതിനിധികൾ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ സാധാരണ സർവീസുകളും സ്വകാര്യ ബസുകളും താഞ്ഞിലോട് വരെ സർവീസ് നടത്തുന്നുണ്ട്. ഇവിടെ നിന്നു ജീപ്പുകളിൽ നാട്ടുകാർക്ക് ലക്ഷ്യസ്ഥാനങ്ങളിലേക്ക് മടങ്ങാം.അതേസമയം, മീനാക്ഷി പാലത്തിനു സമീപത്തെ കുടുംബങ്ങളിൽ പലരും ഇപ്പോഴും ബന്ധു വീടുകളിലും മറ്റും തുടരുകയാണ്. ദുരന്തഭൂമിയിലെ മണ്ണ് പൂർണമായി നീക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന നിലപാടിലാണു കുടുംബങ്ങൾ. ദുരന്തഭൂമിക്കു 500 മീറ്റർ ചുറ്റളവിലായി 15 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി മേപ്പാടി പഞ്ചായത്ത് പ്രതിനിധികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.മണ്ണുനീക്കം പുരോഗമിക്കുന്നു മീനാക്ഷി ∙ കള്ളാടി തുരങ്കപ്പാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നു. തുരങ്കപ്പാത നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് മണ്ണ് നീക്കൽ നടക്കുന്നത്. മണ്ണിടിച്ചിലിൽ രൂപപ്പെട്ട മണ്ണും തുരങ്കപ്പാത നിർമാണ സ്ഥലത്തു കൂട്ടിയിട്ട മണ്ണും 3 ദിവസത്തിനുള്ളിൽ നീക്കം ചെയ്യാൻ നിർമാണ കമ്പനിക്ക് കഴിഞ്ഞ ദിവസം മന്ത്രി ടി.സിദ്ദീഖ് കർശന നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണു നടപടി. മണ്ണിടിച്ചിലിനെ തുടർന്ന് മീനാക്ഷി പുഴയോരത്തേക്കും സമീപത്തെ ചൂരൽമല റോഡിലേക്കും ലോഡ് കണക്കിനു മണ്ണ് കുത്തിയൊലിച്ചെത്തിയിരുന്നു. കഴിഞ്ഞ 7ന് രാവിലെ 11.15നാണു മീനാക്ഷിയിൽ കള്ളാടി–ആനക്കാംപൊയിൽ തുരങ്കപ്പാത പദ്ധതി പ്രദേശത്തു മണ്ണിടിച്ചിലുണ്ടായത്. ദുരന്തത്തിൽ നിർമാണ കമ്പനിയിലെ ജീവനക്കാരും തൊഴിലാളികളും ഉൾപ്പെടെ 8 പേർ മരിച്ചു.
Fashion ⏭️


