NEWS

എംബിബിഎസിന് നാലരവർഷത്തെ ഫീസ്: ഒടുവിൽ അപ്പീൽ നൽകാൻ തീരുമാനിച്ച് സർക്കാർ

പ്രതീകാത്മകചിത്രം

തിരുവനന്തപുരം: എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുൻപാകെ സർക്കാർ അപ്പീൽ നൽകും. അപ്പീൽ വൈകുന്നത് മാനേജ്‌മെന്റുകളെ സഹായിക്കാനാണെന്ന ആക്ഷേപം ഉയർന്നിരുന്നു. നാലര മുതൽ 10 ലക്ഷം രൂപ വരെയാണ് സ്വകാര്യ മേഖലയിൽ ഫീസ് ഇനത്തിൽ അധികം നൽകുന്നത്.

നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്നും അധികം വാങ്ങിയ അരവർഷത്തെ ഫീസ് വിദ്യാർത്ഥികൾക്ക് തിരികെ നൽകണമെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് ദേശീയ മെഡിക്കൽ കമ്മിഷൻ ഇക്കഴിഞ്ഞ ജൂലായിലാണ് നിർദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യവകുപ്പിന്റെ ഉത്തരവ്.

ഇനി പ്രവേശനം നേടുന്നവർക്കും ഇത് ബാധകമായിരിക്കുമെന്നും ഉത്തരവിലുണ്ട്. നാലര വർഷത്തെ (54 മാസം) അക്കാഡമിക് പഠനവും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് എംബിബിഎസിനുള്ളത്. പഠന കാലയളവിലേക്ക് മാത്രം ഫീസ് വാങ്ങാനേ ന്യായമുള്ളൂ എന്നാണ് മെഡിക്കൽ കമ്മിഷന്റെ നിലപാട്.

എന്നാൽ ഇതിനെതിരെ സ്വകാര്യ മെഡിക്കൽ കോളേജ് മാനേജുമെന്റുകൾ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിനെ സമീപിച്ച് സ്റ്റേ നേടി. ഓഗസ്റ്റ് ഏഴാം തീയതിഉത്തരവ് സ്റ്റേ ചെയ്‌തെങ്കിലും സർക്കാർ ഇതുവരെ അപ്പീലിന് പോയിരുന്നില്ല. പിന്നാലെ സർക്കാർ സ്വകാര്യ മാനേജ്‌മെന്റികളെ സഹായിക്കുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. തുടർന്നാണ് ഇപ്പോൾ അപ്പീൽ കൊടുക്കാൻ സർക്കാർ തയ്യാറായിരിക്കുന്നത്. നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ് നടപ്പാക്കുന്നതിനുള്ള സഹായമാകും സർ‌ക്കാർ കോടതിയിൽ നിന്ന് തേടുക.

English Summary

The Kerala government will appeal against a High Court stay on its order limiting MBBS fees to four-and-a-half years of academic study. Private medical colleges had obtained the stay, allowing them to charge extra for the internship. The government faced criticism for delaying the appeal, which was seen as benefiting private managements.
RELATED TOPICS: MBBS FEE, MEDICAL COLLEGE FEES, KERALA MBBS FEE, FOUR AND HALF YEAR FEE, MEDICAL EDUCATION

Read News ⏭️

Back to top button