NEWS
ജീവൻ പണയം വച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ധീര യുവാവ്: രാജേഷിനെ അനുസ്മരിച്ച് മമ്മൂട്ടി

കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരണത്തിനു കീഴടങ്ങിയ ദുരന്ത രക്ഷാപ്രവർത്തന പരിശീലകൻ കൂടിയായ രാജേഷിനെ (36) അനുസ്മരിച്ച് മമ്മൂട്ടി. ജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികളെന്ന് മമ്മൂട്ടി കുറിച്ചു.‘‘ജീവൻ പണയം വച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികൾ. കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.’’–മമ്മൂട്ടിയുടെ വാക്കുകൾ.സാഹസികത ഇഷ്ടമുള്ള രാജേഷ് ഏതു ദുരന്തമുഖത്തും ഓടിയെത്തുന്നയാളാണ്.അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റിയിൽ അംഗമാണ്. ഒരുമാസം മുൻപാണ് കണ്ണൂരിലേക്കു പരിശീലകനായി എത്തിയത്. ത്രോബോൾ ദേശീയ ടീം അംഗമാണ്. കഴിഞ്ഞ പ്രളയകാലത്തും വയനാട് ദുരന്തത്തിലും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. എൻസിസി കെഡറ്റുകളുടെ ട്രെക്കിങ് പരിശീലകനായും പ്രവർത്തിച്ചു. 2 വർഷം മുൻപ് രാജേഷിന്റെ ഇളയ സഹോദരൻ രഞ്‌ജിത് ട്രെയിനിൽനിന്നു വീണു മരിച്ചിരുന്നു. രാജശേഖരൻ–ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്.
Fashion ⏭️


