NEWS
യുകെയിൽ മലയാളി യുവതിയുടെ രക്തപരിശോധനയിൽ കണ്ടെത്തിയത് ‘അപൂർവ രോഗം’, ജീവൻ രക്ഷിക്കാൻ പോരാട്ടം

പ്രസ്റ്റൺ (യുകെ)∙ ജീവന് ഭീഷണിയാകുന്ന രക്തസംബന്ധമായ അപൂർവ രോഗത്തിനെതിരെ പൊരുതുന്ന മലയാളി യുവതി സ്റ്റെം സെൽ ദാതാവിനെ തേടുന്നു. അപ്ലാസ്റ്റിക് അനീമിയ (Aplastic Anaemia) ബാധിച്ച ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന മലപ്പുറം സ്വദേശിയായ റഫിയ ഷെറിൻ (30) ആണ് അനുയോജ്യമായ ദാതാവിനായി കാത്തിരിക്കുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്നുള്ള പരിശോധനയിലാണ് റഫിയക്ക് അപ്ലാസ്റ്റിക് അനീമിയ ബാധിച്ചതായി സ്ഥിരീകരിച്ചത്.2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായാണ് റഫിയ യുകെയിലെത്തിയത്. തുടർന്ന് കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലുമായി നടത്തിയ അവധിക്കാല യാത്രയ്ക്കിടയിൽ ഭക്ഷ്യവിഷബാധ ഏൽക്കുകയായിരുന്നു. യാത്ര കഴിഞ്ഞ് യുകെയിൽ തിരിച്ചെത്തിയിട്ടും രോഗം മാറിയില്ല. തലകറക്കം, ഛർദ്ദി, പേശി വേദന, കടുത്ത ക്ഷീണം, വയറിളക്കം എന്നിവയാൽ റഫിയ ഏറെ പ്രയാസം അനുഭവിക്കുകയും ചെയ്തു.രോഗത്തിന്റെ ഭീകരാവസ്ഥ ആദ്യം വലിയ അമ്പരപ്പുണ്ടാക്കിയെങ്കിലും, പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോവുകയാണ് റഫിയ. രോഗാവസ്ഥയെക്കുറിച്ചുള്ള ബോധവൽക്കരണം നടത്താനും ആളുകളെ സ്റ്റെം സെൽ റജിസ്ട്രിയിലേക്ക് സ്വാഗതം ചെയ്യാനും അവർ മുന്നിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റെം സെൽ ഡൊണാർ ഡേറ്റാബേസ് ശൃംഖലയായ ഡി.കെ.എം.എസ് യുകെയുടെ കണക്കുകൾ പ്രകാരം, യുകെയിൽ മാത്രം ജീവൻ രക്ഷിക്കുന്ന ഒരു യഥാർഥ ദാതാവിനായി ഏകദേശം 2,000 ആളുകൾ കാത്തിരിക്കുന്നുണ്ട്. എന്നാൽ യുകെയിലെ അർഹരായ ജനസംഖ്യയുടെ 7% പേർ മാത്രമാണ് സ്റ്റെം സെൽ റജിസ്റ്ററിൽ പേര് ചേർത്തിട്ടുള്ളത്. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള റഫിയയെപ്പോലുള്ളവർക്ക് അനുയോജ്യരായ ദാതാക്കളെ കണ്ടെത്താൻ ഇത് വലിയൊരു വെല്ലുവിളിയാണ്.
Fashion ⏭️


