NEWS

മലപ്പുറത്ത് പലയിടത്തും മിന്നൽപ്രളയം; 24 മണിക്കൂറിനിടെ 200 മില്ലിമീറ്ററിൽ ‌കൂടുതൽ മഴ!


മലപ്പുറം ∙ ഒറ്റ രാത്രിയിലെ മഴ, നേരം പുലർന്നപ്പോഴേക്കും ജില്ലയിൽ മിന്നൽപ്രളയം.  മണ്ണിടിച്ചിലിൽ വ്യാപകമായി വീടുകളും മതിലുകളും തകർന്നു. മണ്ണിടിഞ്ഞും വെള്ളം കയറിയും മലപ്പുറം –തിരൂർ റോഡ് അടക്കമുള്ള പ്രധാന പാതകളിൽ ഉൾപ്പെടെ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. തീരദേശത്തു കടൽക്ഷോഭത്തിൽ മൂന്നു വീടുകൾ പൂർണമായും തകർന്നു.  ജില്ലയിൽ ആകെ 12 വീടുകളാണ് മണ്ണിടിച്ചിലിനെത്തുടർന്ന് ഭാഗികമായി തകർന്നത്. പോരൂർ, മമ്പാട്, നിലമ്പൂർ, ചേലൂപ്പാടം, പുളിക്കൽ എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഏറനാട്, കൊണ്ടോട്ടി, പെരിന്തൽമണ്ണ താലൂക്കുകളിലാണ് ദുരിതം കൂടുതൽ. ജില്ലയിൽ ഇന്നലത്തെ ആകെ മഴയുടെ ശരാശരി 103 മില്ലിമീറ്റർ. നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും എവിടെയും അപകടഭീഷണിയില്ല. അതേസമയം, വിവിധയിടങ്ങളിൽ തോടുകൾ കവിഞ്ഞൊഴുകി. കൃഷിയിടങ്ങളും റോഡും പലയിടത്തും വെള്ളത്തിലായി. ജില്ലയിൽ 4 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു  മണ്ണിടിച്ചിലും പ്രളയവും കാരണം ജില്ലയിൽ 4 ദുരിതാശ്വാസ ക്യാംപുകളിലായി 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മഞ്ചേരി വലിയട്ടിപ്പറമ്പ് അങ്കണവാടി, എടവണ്ണ ചെറുമണ്ണ് അങ്കണവാടി, പാണക്കാട് മഅ്ദിനുൽ ഉലൂം മദ്രസ, നെടിയിരുപ്പ് ജിഡബ്ല്യുയുപി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാംപുകൾ. ആകെ 59 പേരാണ് ക്യാംപുകളിലുള്ളത്.  കോട്ടക്കുന്നിന്റെ ചെരുവിൽ താമസിക്കുന്ന 14 കുടുംബങ്ങളോട് മാറിത്താമസിക്കാൻ റവന്യുവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം ടൗൺഹാളിൽ ദുരിതാശ്വാസ ക്യാംപും സജ്ജമാക്കിയിട്ടുണ്ട്.ഇന്ന് ഓറഞ്ച് അലർട്ട്  മലപ്പുറം ∙ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ മുതൽ 3 ദിവസങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പില്ല. ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


Fashion ⏭️

Back to top button